മലപ്പുറം: പൊലീസിന് ലഭിക്കുന്ന പരാതികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് വനിതാ കമ്മിഷൻ അംഗം ഇ എം രാധ. മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വനിതാകമ്മിഷന്‍ സംഘടിപ്പിച്ച മെഗാ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
പരാതിയുമായി എത്തുന്ന സ്ത്രീകളെ മണിക്കൂറുകളോളം സ്റ്റേഷനില്‍ നിര്‍ത്തുന്നതായും കമ്മിഷന് മുന്നില്‍ പരാതികള്‍ എത്തിയിരുന്നു. പരാതിയുമായി ബന്ധപ്പെട്ട് സ്ത്രീകളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുന്നതിനുള്ള സമയം ശ്രദ്ധിക്കണമെന്നും വനിതാ കമ്മിഷന്‍ അറിയിച്ചു. വനിതകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പഞ്ചായത്ത് തലത്തില്‍ രൂപീകരിച്ച ജാഗ്രതാ സമിതികള്‍ ജില്ലയില്‍ നിര്‍ജീവമാണെന്നും കമ്മിഷന്‍ കുറ്റപ്പെടുത്തി. ജില്ലയില്‍ ജാഗ്രതാസമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുകയാണെങ്കില്‍ ഒരു പരിധിവരെ സ്ത്രീകള്‍ക്ക് നേരെയുള്ള പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സാധിക്കും. പരാതികളിൽ വ്യക്തത വരുത്താനും തീർപ്പ് ഉണ്ടാക്കാനും ഇത് സഹായിക്കും. ജില്ലയില്‍ ജാഗ്രതാസമിതികളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും കമ്മിഷന്‍ വ്യക്തമാക്കി. 65 പരാതികളാണ് കമ്മിഷന് ലഭിച്ചിട്ടുള്ളത്. ഇതിൽ 20 പരാതികൾ പൂർത്തിയാക്കുകയും നാല് പരാതികളില്‍ പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. 41 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു.