ജനീവ: സ്ത്രീകൾക്കും കുട്ടികൾക്കും കൗമാരക്കാർക്കും കൊവിഡ് പിടിപെടാൻ സാധ്യത കൂടുതലാണെന്ന് ലോകാരോഗ്യ സംഘടന. വെർച്വൽ പത്രസമ്മേളനത്തിൽ സംസാരിച്ച ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആശങ്ക പങ്കുവച്ചു.
പല സ്ഥലങ്ങളിലും കൊവിഡ് 19 ആരോഗ്യ സംവിധാനങ്ങളെ പ്രതികൂലമായി ബാധിച്ചതിനാൽ ഗർഭധാരണത്തിന്‍റെയും പ്രസവത്തിന്‍റെയും സങ്കീർണതകളിൽ സ്ത്രീകൾ മരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ് എന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകൾ, നവജാത ശിശുക്കൾ, കൗമാരക്കാർ എന്നിവർക്കുവേണ്ട മാർഗനിദേശം ലോകാരോഗ്യ സംഘടന വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
മുലയൂട്ടുന്ന സമയത്ത് സ്ത്രീകളിൽനിന്ന് കുഞ്ഞുങ്ങളിലേക്ക് കൊവിഡ് പടരാൻ സാധ്യതയുണ്ട്. എന്നാൽ മുലപ്പാൽ കുടിക്കുന്നത് കുട്ടിയുടെ പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ കൊവിഡ് ബാധിതരല്ലാത്ത അമ്മമാരെ മുലയൂട്ടൽ തുടരാൻ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.