വയനാട്: വയനാട്ടിൽ ഇക്കൊല്ലം ലഭിച്ച വേനൽ മഴയിൽ വൻ കുറവ്. ഇതുവരെയുള്ള കാലവർഷത്തിലും ഇക്കൊല്ലം വലിയ കുറവാണ് ഉണ്ടായിട്ടുള്ളത്. വേനൽമഴയിൽ 38.4 ശതമാനവും കാലവർഷത്തിൽ 56 ശതമാനവും കുറവാണ് ഉണ്ടായിട്ടുള്ളത്.
കേരള കാർഷികസർവകലാശാലയുടെ അമ്പലവയൽ കേന്ദ്രത്തിലെ കണക്കുകളനുസരിച്ച് കഴിഞ്ഞ വർഷം ജൂൺ ഒന്ന് മുതൽ 20 വരെ 396.3 മില്ലിമീറ്റർ മഴയാണ് വയനാട്ടിൽ കിട്ടിയത്. എന്നാൽ ഇക്കൊല്ലം ഇക്കാലയളവിൽ കിട്ടിയത് 121 ദശാംശം നാല് മില്ലിമീറ്റർ മഴ മാത്രം. ഈ വർഷം മെയ് മുതൽ ജൂൺ വരെ 247. 7 മില്ലിമീറ്റർ മഴ കിട്ടി. ശരാശരി കിട്ടേണ്ടത് 402 മില്ലിമീറ്റർ മഴയാണ്. ജൂൺ ഒന്ന് മുതൽ 20 വരെ ശരാശരി 216.9 മില്ലിമീറ്റർ മഴയാണ് കിട്ടേണ്ടത്. ലഭ്യമായ സൂചനകളനുസരിച്ച് രണ്ട് ദിവസത്തിനകം വയനാട്ടിൽ മഴ കനത്തേക്കും. കൽപ്പറ്റയിൽ ആയിരിക്കും കൂടുതൽ മഴ ഉണ്ടാകുന്നത്. എന്നാൽ രണ്ട് ദിവസത്തിനുശേഷം മഴ വീണ്ടും കുറഞ്ഞേക്കും എന്നാണ് ഇപ്പോഴത്തെ സൂചന.