തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിന് കരിങ്കല്ല് കിട്ടാത്തതിനെ തുടര്‍ന്നുള്ള പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഉന്നത തല യോഗം വിളിച്ച് തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. തുറമുഖ നിര്‍മ്മാണത്തിന് കരിങ്കല്ല് ക്ഷാമം രൂക്ഷമാണെന്ന് അദാനി ആശങ്ക അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. എന്നാല്‍ നിര്‍മ്മാണത്തിന് അനുവദിച്ച സമയ പരിധി നീട്ടി കൊടുക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.
കരിങ്കല്ല് ക്ഷാമം പദ്ധതിയെ ബാധിക്കുന്ന അവസ്ഥയില്‍ നിശ്ചിതസമയത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കാനാവില്ലെന്നും സമയ പരിധി നീട്ടണമെന്നുമുള്ള ആവശ്യമാണ് അദാനി മുന്നോട്ട് വച്ചിരുന്നത്. സംസ്ഥാനത്തെ പാറമടകളില്‍ നിന്ന് ഖനനം നടത്താനുള്ള അനുമതി വൈകുന്നതാണ് ഇതുന് കാരണം. പദ്ധതിയുടെ നിര്‍മാണപുരോഗതി വിശദീകരിച്ചുകൊണ്ട് മാസം തോറും അദാനി ഗ്രൂപ്പ് സര്‍ക്കാരിന് സമര്‍പ്പിക്കാറുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.