മലപ്പുറം : തിരൂർ നഗരസഭയിൽ വിജിലൻസ് റെയ്‌ഡ്. നഗരസഭ പരിധിയിൽ അനധികൃത കെട്ടിടങ്ങൾക്ക് പിൻവാതിലിലൂടെ അനുമതി നൽകിയതുമായി ബന്ധപ്പെട്ടാണ് ശനിയാഴ്‌ച നഗരസഭ ഓഫിസിൽ മലപ്പുറം വിജിലൻസ് സിഐ യൂസഫിൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. അനധികൃത കെട്ടിടങ്ങൾ സംബന്ധിച്ച് മലപ്പുറം വിജിലൻസിന് ലഭിച്ച പരാതിയെ തുടർന്നായിരുന്നു നടപടി.
നഗരസഭ പൊതുമരാമത്ത് വിഭാഗത്തിലും റവന്യൂ വിഭാഗത്തിലും നടത്തിയ പരിശോധനയില്‍ നിരവധി അനധികൃത കെട്ടിടങ്ങൾക്ക് അനുമതി നൽകിയ രേഖകൾ പിടിച്ചെടുത്തു. വിജിലൻസ് സംഘം തിരൂർ ഫോറിൻ മാർക്കറ്റിലും പരിശോധന നടത്തി. ഐ സ്‌മാർട്ട് എന്ന കെട്ടിടത്തിൽ കെട്ടിട നമ്പർ ഇല്ലാതെ നിരവധി സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകിയത് വിജിലൻസ് പരിശോധനയിൽ കണ്ടെത്തി.
ഫോറിൻ മാർക്കറ്റിലടക്കം നിരവധി കെട്ടിടങ്ങൾ അനുമതിയില്ലാതെ നിർമിച്ചതായി കണ്ടെത്തിയതായും തുടർ അന്വേഷണം നടത്തുമെന്നും സിഐ യൂസഫ് പറഞ്ഞു.