തിരുവനന്തപുരം: അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിൽ ഡിആർഐ അറസ്റ്റ് ചെയ്‌ത മുഖ്യപ്രതി ബിജു മനോഹറിന്റെയും കസ്റ്റംസ് സൂപ്രണ്ട് ബി രാധാകൃഷ്ണന്റെയും ജാമ്യാപേക്ഷയിൽ വിധി പിന്നീട് പ്രഖ്യാപിക്കും. താൻ നിരപരാധിയാണെന്നും കേസിൽ നേരത്തേ അറസ്റ്റിലായ സെറീനയുടെ ബ്യൂട്ടി പാർലറിൽ 17.5 ലക്ഷം രൂപയുടെ ബിസിനസ് പങ്കാളിത്തമുള്ളതിനാലാണ് ദുബായ് സന്ദർശനം നടത്താറുള്ളതെന്നും ബിജു കോടതിയിൽ പറഞ്ഞു. എന്നാൽ ഇന്ത്യാക്കാർക്ക് വിദേശ രാജ്യത്ത് മുതൽ മുടക്കാൻ ഫെമാ നിയമപ്രകാരം രജിസ്ട്രേഷൻ ആവശ്യമാണെന്നും 17.5 ലക്ഷം രൂപയുടെ വരുമാന സ്രോതസ് വ്യക്തമാക്കണമെന്നും ഡിആർഐ വാദിച്ചു. ഡിആർഐ സമർപ്പിച്ച രേഖകൾ വിശദമായി പരിശോധിച്ച ശേഷം വിധി പറയാമെന്ന് സെഷൻസ് ജഡ്ജി വ്യക്തമാക്കി.
അതേസമയം കേസിൽ ഡിആർഐ അറസ്റ്റ് ചെയ്‌ത പ്രകാശൻ തമ്പി ഇതുവരെ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടില്ല. ബാലഭാസ്കറിന്റെ മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ ചോദ്യം ചെയ്യലിൽ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാകാം പ്രകാശൻ ജാമ്യാപേക്ഷ നൽകാത്തതെന്ന് ഡിആർഐ സംഘം സംശയിക്കുന്നു. കേസിൽ അറസ്റ്റിലായ വിഷ്‌ണു സോമസുന്ദരത്തിന്‍റെ സുഹൃത്തും കേസിൽ പ്രതിയുമായ ജിത്തു ദുബായിൽ ഒളിവിലാണ്. ഇവരിൽ നിന്ന് സ്വർണം വാങ്ങി വിൽപ്പന നടത്തിയിരുന്ന പിപിഎം ചെയിൻസ് ഡയറക്ടർ മുഹമ്മദാലി, തിരുവനന്തപുരത്തെ ഷോറൂം മാനേജർ മുഹമ്മദ് ഹക്കിം, അമ്പലപ്പുഴ സ്വദേശി സത്താർ എന്നിവരും ഒളിവിലാണ്. ഒളിവിലുള്ള എല്ലാ പ്രതികളും ഉടൻ കീഴടങ്ങുമെന്നാണ് ഡിആർഐയുടെ നിഗമനം. എന്നാൽ സംഭവവുമായി ബന്ധമുള്ള പാക് പൗരൻ നദീം ഖാനെ സംബന്ധിച്ചുള്ള അന്വേഷണം ഇന്ത്യൻ പൗരൻമാരുടെ അന്വേഷണം പൂർത്തിയാക്കിയ ശേഷം മതിയെന്നും ഡിആർഐ തീരുമാനിച്ചിട്ടുണ്ട്.