ന്യൂഡല്‍ഹി: ഗതാഗത മേഖലക്ക് 75,000 കോടി രൂപ അനുവദിച്ച് കേന്ദ്ര ബജറ്റ്. ബജറ്റ് പ്രഖ്യാപനത്തിന്‍റെ ആദ്യ ഭാഗങ്ങളിലാണ് ഗതാഗത മേഖലക്ക് ഇത്രയും തുക അനുവദിച്ചതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചത്. കാലാവധി അവസാനിച്ചതും മാലിന്യം കൂടുതലുള്ളതുമായ പഴയ വാഹനങ്ങള്‍ മാറ്റി പുതിയവ എത്തിക്കുന്നതിനായും ബജറ്റില്‍ നിര്‍ദേശമുണ്ടായി.
കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളിലെ ഇത്തരം പഴയ വാഹനങ്ങളില്‍ മാറ്റി പുതിയവ പരിഗണിക്കുമെന്നും ഇതേ മാതൃക പിന്തുടരാന്‍ ബജറ്റില്‍ സംസ്ഥാനങ്ങളോട് നിര്‍ദേശവുമുണ്ട്. ഇതില്‍ സര്‍ക്കാരിന് കീഴിലുള്ള ആംബുലന്‍സുകളുടെ കാര്യവും ധനമന്ത്രി എടുത്തുപറഞ്ഞു. അതേസമയം 'പഴയ വാഹനങ്ങള്‍' എന്ന് എടുത്തുപറഞ്ഞ് പ്രതിപക്ഷത്തിനെതിരെ ഒളിയമ്പെയ്യാനും നിര്‍മല സീതാരാമന്‍ മറന്നില്ല.