ആലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേയിലെ പൊഴിമുറിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലെത്തി. സർക്കാർ നേരത്തെതന്നെ പൊഴിയിലെ മണൽ നീക്കുന്നതിനുള്ള നടപടികൾ തുടങ്ങിയിരുന്നു. 18.99 ലക്ഷം രൂപ ചെലവ് പ്രതീക്ഷിച്ചാണ് സർക്കാർ ഇത്തവണ പൊഴിയിലെ മണൽ നീക്കാനുള്ള കരാർ നൽകിയത്. മെയ് 31ന് കരാറുകാരൻ ജോലികൾ ആരംഭിച്ചു.
രണ്ട് ഹിറ്റാച്ചിയിൽ മുഴുവൻ സമയവും തോട്ടപ്പള്ളിയിലെ പൊഴിയിൽ മണൽ നീക്കിക്കൊണ്ടിരിക്കുകയാണ്. വരുന്ന ഞായറാഴ്ചയോടെ, ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പൊഴിമുറിച്ചുമാറ്റാവുന്ന വിധം മണൽ നീക്കൽ പൂർത്തിയാകും. നിലവിൽ തോട്ടപ്പള്ളി പാലത്തിന് കിഴക്കുവശം ജലനിരപ്പ് ഏറെ താഴെയാണ്. 25 മീറ്റർ വീതിയിൽ 150 മീറ്റർ നീളത്തിലാണ് പൊഴിയിലെ മണൽ നീക്കി ആഴം കൂട്ടുന്നത്. ശരാശരി മൂന്ന് മീറ്റർ ആഴം വരത്തക്കവിധമാണ് മണ്ണ് കോരി നീക്കുന്നത്. ജലനിരപ്പ് ഉയർന്നാൽ പൊഴിമുഖത്തെ മണൽ നീക്കി കടലിലേക്ക് വെള്ളം ഒഴുക്കാനാകുമെന്ന് ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനീയർ എം.ജി ബിജു പറഞ്ഞു.
പൊഴിമുഖത്തെ മണൽ നീക്കാൻ നൽകിയ കരാറിന് മൂന്നു മാസത്തെ കാലാവധികൂടി നൽകിയിട്ടുണ്ട്. ഈ കാലയളവിൽ പൊഴിമുഖം അടഞ്ഞാൽ സർക്കാരിന് അധിക ബാധ്യതയില്ലാതെ കരാറുകാർ തന്നെ മണൽ നീക്കണമെന്ന വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഏതാണ്ട് 9000 ക്യുബിക് മീറ്റർ മണ്ണ് ഇവിടെ നിന്ന് ഇരുവശങ്ങളിലേക്കും നീക്കേണ്ടതുണ്ട്. നിലവിൽ 7000 ക്യുബിക് മീറ്ററിന് മുകളിൽ മണ്ണ് നീക്കി ആഴം കൂട്ടിയിട്ടുണ്ട്. കാലവർഷം കനക്കുകയും കായലിലെ ജലനിരപ്പ് ഉയരുകയും ചെയ്താൽ തോട്ടപ്പള്ളിയിലെ പൊഴിമുഖം മുറിച്ച് ജലനിരപ്പ് നിയന്ത്രിക്കാൻ സാധിക്കുമെന്നതാണ് തോട്ടപ്പള്ളിയിലെ പ്രവർത്തികൾ കൊണ്ട് ഉദ്ദേശിക്കുന്നത്.