ഹരിദ്വാർ: രാജ്യത്തെ ജനസംഖ്യാ വർധനവ് നിയന്ത്രിക്കാൻ പുതിയ മാർഗനിർദ്ദേശവുമായി യോഗാഗുരു ബാബാ രാംദേവ്. കുടുംബത്തില്‍ മൂന്നാമത് ജനിക്കുന്ന കുട്ടിക്ക് വോട്ടവകാശം നിഷേധിക്കുന്ന നിയമം കൊണ്ടുവരണമെന്നാണ് രാംദേവിന്‍റെ നിർദ്ദേശം.
അടുത്ത 50 വർഷത്തിനുള്ളിൽ ഇന്ത്യയിലെ ജനസംഖ്യ 150 കോടിയിൽ കവിയരുത്. അതിലധികം താങ്ങാനുള്ള മുന്‍കരുതലോ കരുത്തോ രാജ്യത്തിനില്ല. അതിനാൽ മൂന്നാമത്തെ കുട്ടിക്ക് വോട്ടവകാശം, തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരം, സർക്കാർ ആനുകൂല്യങ്ങള്‍ തുടങ്ങിയവ നിഷേധിക്കുന്ന തരം നിയമം പ്രാബല്യത്തിൽ വരണമെന്ന് രാംദേവ് പറഞ്ഞു. ഇത്തരമൊരു നിയമം വന്നാൽ ഏത് മതത്തിൽപ്പെട്ടവരായാലും മൂന്നാമതൊരു കുട്ടിക്ക് ജന്‍മം നൽകുന്നതിനെപ്പറ്റി ചിന്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ രാജ്യത്ത് സമ്പൂർണ്ണ ഗോവധ നിരോധനം നടപ്പിലാക്കണമെന്നും എന്നാൽ മാത്രമേ കശാപ്പുകാരും ഗോ സംരക്ഷകരും തമ്മിലുണ്ടാകുന്ന സംഘർഷങ്ങള്‍ ഇല്ലാതാക്കാനാകൂ എന്നും രാംദേവ് അഭിപ്രായപ്പെട്ടു.