ലാഹോര്‍: ഇംഗ്ലണ്ട് പര്യടനത്തിനുള്ള പാകിസ്ഥാന്‍ ടീം മാഞ്ചസ്റ്ററിലേക്ക് വിമാനം കയറി. 20 താരങ്ങളും 11 സപ്പോര്‍ട്ടിങ്ങ് സ്റ്റാഫും അടങ്ങുന്ന സംഘമാണ് ചാര്‍ട്ടേഡ് ഫ്ലൈറ്റില്‍ യാത്ര തിരിച്ചത്. പര്യടനത്തിനായി പാക് ടീം ഇംഗ്ലണ്ടിലേക്ക് പോകുന്നതായി നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീം നായകന്‍ ബാബര്‍ അസം ട്വീറ്റ് ചെയ്തു. ചരിത്രപരമായ ഇംഗ്ലണ്ട് പര്യടനത്തിനുള്ള യാത്രയിലാണ് ഞങ്ങള്‍. ഇംഗ്ലണ്ടില്‍ കളിക്കുക എന്നത് മഹത്തായ കാര്യമാണ്. ഒരുപടി പ്രതിഭാധനരായ താരങ്ങളാണ് ഞങ്ങളോടൊപ്പമുള്ളത്. ആരാധകരുടെ പ്രാര്‍ഥനയും സ്നേഹവും എപ്പോഴും കൂടെ വേണമെന്ന് പറഞ്ഞ് കൊണ്ടാണ് അസമിന്‍റെ ട്വീറ്റ് അവസാനിക്കുന്നത്.
നേരത്തെ 29 താരങ്ങള്‍ അടങ്ങുന്ന സംഘത്തെ ഇംഗ്ലണ്ടിലേക്ക് അയക്കാനായിരുന്നു പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ തീരുമാനം. എന്നാല്‍ 10 താരങ്ങള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കളിക്കരുടെ എണ്ണം പിസിബി വെട്ടിച്ചുരുക്കി. അതേസമയം തുടര്‍ച്ചയായി രണ്ട് പരിശോധനകളില്‍ കൊവിഡ് 19 നെഗറ്റീവെന്ന് തെളിഞ്ഞാല്‍ ബാക്കിയുള്ളവരെ കൂടി ഇംഗ്ലണ്ടിലേക്ക് അയക്കാനാണ് പിസിബി ശ്രമിക്കുന്നതെന്ന് സിഇഒ വസീം ഖാന്‍ ശനിയാഴ്ച പറഞ്ഞിരുന്നു.
ഇംഗ്ലണ്ട് പര്യടനത്തിന്‍റെ ഭാഗമായുള്ള പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ മത്സരങ്ങള്‍ക്ക് ജൂലായ് 30-ന് തുടക്കമാകും. മൂന്ന് വീതം ടെസ്റ്റും ടി-20യുമാണ് പാക് ടീം പര്യടനത്തിന്‍റെ ഭാഗമായി കളിക്കുക. കൊവിഡ് 19 പശ്ചാത്തലത്തില്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ വൈറസ് പ്രതിരോധ സംവിധാനങ്ങളോടെയാകും മത്സരങ്ങള്‍ നടക്കുക. കൂടാതെ ഇന്ന് മാഞ്ചസ്റ്ററില്‍ എത്തുന്ന സംഘം 14 ദിവസം ക്വാറന്‍റൈനില്‍ കഴിയും. ക്വാറന്‍റൈനില്‍ കഴിയുമ്പോള്‍ പരിശീലനം നടത്താന്‍ ടീം അംഗങ്ങള്‍ക്ക് അവസരം ലഭിക്കും.