ആലപ്പുഴ: ജില്ലയിലെ ഭൂരിപക്ഷം മുസ്ലീം പള്ളികളും ജൂൺ 30വരെ തുറക്കേണ്ടെന്ന് തീരുമാനിച്ചു. ആലപ്പുഴ രൂപതയ്‌ക്ക് കീഴിലെ ദേവാലയങ്ങളും തുറക്കില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ കീഴിലുള്ള ക്ഷേത്രങ്ങൾ മാനദണ്ഡം പാലിച്ച് തുറക്കും. മഹല്ല് പ്രസിഡന്‍റ്, സെക്രട്ടറിമാരുടെ യോഗത്തിലാണ് ആലപ്പുഴ കിഴക്കേ മുസ്ലീം ജമാ അത്ത് മസ്‌താൻ പള്ളിയുടെ കീഴിലെ പതിനഞ്ചോളം പള്ളികൾ തുറക്കേണ്ടെന്ന് തീരുമാനിച്ചത്. ലോക്ക് ഡൗണ്‍ ഇളവുകൾക്ക് അനുസരിച്ചാകും 30ന് ശേഷം മുസ്ലീംപള്ളികൾ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക. കേരള മുസ്ലീം ജമാ അത്ത് കൗൺസിൽ ആലപ്പുഴ ജില്ലാ കമ്മിറ്റിക്ക് കീഴിലെ പള്ളികളും 30 വരെ തുറക്കില്ല. ചേർത്തല, കാർത്തികപ്പള്ളി, ഹരിപ്പാട്, മാവേലിക്കര, ആലപ്പുഴ മേഖലാ കമ്മിറ്റികളുടെ യോഗത്തിലാണ് തീരുമാനം. നഗരത്തിലെ മസ്ജിദുകള്‍ 30വരെ തുറക്കില്ലെന്ന് ലജ്‌നത്തുല്‍ മുഹമ്മദിയ്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന നേതൃയോഗം തീരുമാനിച്ചു. അമ്പലപ്പുഴ താലൂക്ക് ദക്ഷിണമേഖല ജമാഅത്ത് അസോസിയേഷൻ പരിധിയിലെ പള്ളികൾ തുറക്കില്ലെന്ന് ഭാരവാഹികളും അറിയിച്ചു. മണ്ണഞ്ചേരി പഞ്ചായത്തിലെ മസ്ജിദുകളും തുറക്കില്ല. മാവേലിക്കര താലൂക്കിലെ മുസ്ലീം പള്ളികള്‍, കായംകുളം മേഖലയിലെ പള്ളികൾ എന്നിവയും തുറക്കില്ല.
ബുധനൂർ സെന്‍റ് ഏലിയാസ് ഓർത്തഡോക്‌സ് പള്ളിയും തുറക്കില്ല. ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം പൂജകള്‍ക്കായി തുറക്കും. മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ 22 വരെ ഇപ്പോഴത്തെ സ്ഥിതി തുടരും. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ സർക്കാർ നിയന്ത്രണങ്ങൾക്ക് വിധേയമായി ദർശനം നടത്താം. ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ തൃപ്പൂത്താറാട്ട് കർശന നിയന്ത്രണങ്ങൾ പാലിച്ച് നടന്നു. അമ്പലപ്പുഴ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിൽ കർശന നിയന്ത്രണങ്ങളോടെ പ്രവേശനമുണ്ട്. എന്നാൽ പ്രവേശനം പടിഞ്ഞാറേ നടയിലൂടെ മാത്രമായി പരിമിതപ്പെടുത്തി. ദർശനത്തിനെത്തുന്നവർ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. 10 വയസിന് താഴെയും 65 വയസിന് മുകളിലും പ്രായമുള്ളവർക്ക് പ്രവേശനമില്ല. ഒരേ സമയം പത്തിൽ കൂടുതൽ പേരെ ദർശനത്തിന് അനുവദിക്കില്ല. മാസ്‌ക് നിർബന്ധമാണ്.