തിരുവനന്തപുരം: തന്‍റെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടിലെ എതിരഭിപ്രായം മാറ്റാന്‍ നായനാര്‍ മുഖ്യമന്ത്രിയായപ്പോള്‍ സഹായിച്ചെന്ന് ടിക്കാറാം മീണ ഐ.എ.എസ്. കരുണാകരന്‍ സര്‍ക്കാരില്‍ ഭക്ഷ്യമന്ത്രി ടി.എച്ച് മുസ്‌തഫയുമായി ഗോതമ്പ് ഇടപാടിലുണ്ടായ ഉരസലിനെതുടര്‍ന്നാണ് കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടില്‍ അദ്ദേഹം എതിരഭിപ്രായം രേഖപ്പെടുത്തിയത്. തന്‍റെ സര്‍വീസ് കാലഘട്ടം വിശദമായി പ്രതിപാദിക്കുന്ന 'തോല്‍ക്കില്ല ഞാന്‍' എന്ന ആത്മകഥയില്‍ ഇക്കാര്യം വിശദമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
'കേരളത്തെ ഉപേക്ഷിക്കാന്‍ കഴിയില്ല': 35 വര്‍ഷത്തെ സിവില്‍ സര്‍വീസ് ജീവിതം പൂര്‍ത്തിയാക്കി അഡീഷണല്‍ ചീഫ് സെക്രട്ടറി പദത്തില്‍ നിന്നും വിരമിച്ച ശേഷം മലയാളികളുടെ പ്രിയപ്പെട്ട ഐ.എ.എസ് ഉദ്യോഗസ്ഥനായ ടിക്കാറാം മീണ, ഇ.ടി.വി ഭാരതിനനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറി എ.കെ ആന്‍റണി എത്തി. മുതിര്‍ന്ന ഉദ്യോഗസ്ഥരോടൊപ്പം ആന്‍റണിയെ പലതവണ കണ്ട് പരാമര്‍ശം നീക്കണമെന്നാവശ്യപ്പെട്ടെങ്കിലും ചെയ്‌തില്ല.
പിന്നീട് നായനാര്‍ മുഖ്യമന്ത്രിയായപ്പോള്‍ മന്ത്രിസഭ, പരാമര്‍ശം നീക്കി ആദ്യ ഉത്തരവിറക്കിയെന്നും അദ്ദേഹം പറഞ്ഞു. അത്രവേഗം കേരളത്തെ ഉപേക്ഷിക്കാന്‍ കഴിയില്ല. സംസ്ഥാന സര്‍ക്കാര്‍ എന്തെങ്കിലും ചുമതല ഏല്‍പ്പിച്ചാല്‍ ഏറ്റെടുക്കും. മടിച്ചുമടിച്ചാണ് 35 വര്‍ഷം മുന്‍പ് കേരളത്തിലെത്തിയതെങ്കിലും സംസ്ഥാനത്തെ വല്ലാതെ ഇഷ്‌ടപ്പെട്ടുപോയി.
സിവില്‍ സര്‍വീസില്‍ പ്രവേശിച്ച് മസൂറിയില്‍ ട്രെയിനിങ്ങിലായിരിക്കുമ്പോഴാണ് കേരളത്തിലാണ് നിയമനം ലഭിച്ചതെന്നറിയുന്നത്. സ്വദേശമായ രാജസ്ഥാനില്‍ നിയമനം ലഭിക്കാത്തതിനാല്‍ അങ്ങേയറ്റം ദുഃഖിതനായിരുന്നു. ട്രെയിനിങ്ങിനിടെ സഹപ്രവര്‍ത്തകര്‍ പലരും കേരളത്തെക്കുറിച്ച് പറഞ്ഞ് പേടിപ്പിച്ചു.
'ചീഫ് സെക്രട്ടറി ആകാത്തതില്‍ വിഷമമില്ല': കേരളം കമ്മ്യൂണിസ്റ്റ് സംസ്ഥാനമാണെന്നും സിവില്‍ സര്‍വീസുകാര്‍ക്ക് ജോലി ചെയ്യാന്‍ പറ്റാത്ത ഇടമാണെന്നുവരെ അവര്‍ പറഞ്ഞു. കേരളത്തിലെത്തിയപ്പോള്‍ പ്രധാന പ്രശ്‌നം ഭാഷയും ഭക്ഷണവുമായിരുന്നു. മലപ്പുറം സബ് കലക്‌ടറായിരിക്കെ സമ്പൂര്‍ണ സാക്ഷരതാപ്രവര്‍ത്തനത്തിന്‍റെ നേതൃത്വമേറ്റെടുത്ത് താന്‍ ഒരു നവ സാക്ഷരനായി മലയാള ഭാഷ വശത്താക്കി.
ചീഫ് സെക്രട്ടറി ആകാത്തതില്‍ വിഷമമില്ല. ഒരു ബാച്ചിലെ അഞ്ചോ ആറോ പേരില്‍ ഒരാള്‍ക്ക് മാത്രമേ ചീഫ് സെക്രട്ടറിയാകാന്‍ കഴിയൂവെന്നും സിവില്‍ സര്‍വീസ് നേടാനായത് തന്‍റെ ജീവിതത്തിലെ ഭാഗ്യമാണെന്നും അദ്ദേഹം ഇ.ടി.വി ഭാരതിനോട് പറഞ്ഞു.
ALSO READ: Kerala Budget 2022 | രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് നാളെ