തൃശ്ശൂർ: തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ താൻ ആശങ്ക പ്രകടിപ്പിച്ചെന്ന വാർത്ത നിഷേധിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി ടി എന്‍ പ്രതാപന്‍. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന കെപിസിസി നേതൃയോഗത്തിൽ തൃശ്ശൂരിൽ നരേന്ദ്രമോദിക്ക് എതിരായാണ് ജനങ്ങൾ വോട്ട് ചെയ്തതെന്നും ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും ടി എൻ പ്രതാപൻ പറഞ്ഞിരുന്നു. എന്നാല്‍ ഇങ്ങനെയൊരു വാര്‍ത്ത എങ്ങനെ വന്നുവെന്ന് തനിക്ക് അറിയില്ലെന്ന് ടി എന്‍ പ്രതാപന്‍ പ്രതികരിച്ചു. മാധ്യമപ്രവർത്തകരെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാമെന്നും അദ്ദേഹം പറഞ്ഞു.
തൃശ്ശൂരില്‍ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് തൃശ്ശൂരിൽ പ്രവർത്തിച്ച പ്രവർത്തകർക്ക് ഉത്തമബോധ്യമുണ്ടെന്നും ടിഎന്‍ പ്രതാപന്‍ പറഞ്ഞു. മാത്രമല്ല, ആലത്തൂരും ചാലക്കുടിയിലും യുഡിഎഫ് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വം തിരിച്ചടിയായി. ആർ എസ് എസിന്‍റെ പ്രവർത്തനങ്ങൾ ശക്തമായിരുന്നു. കോണ്‍ഗ്രസിന് ലഭിക്കേണ്ട ഹിന്ദുവോട്ടുകള്‍ ബിജെപിക്ക് പോയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ തൃശ്ശൂരില്‍ നെഗറ്റീവ് ഫലവും പ്രതീക്ഷിക്കാമെന്നും അപ്രതീക്ഷിത അടിയൊഴുക്കുകൾ ഉണ്ടായേക്കാമെന്നും ടി എന്‍ പ്രതാപന്‍ കെപിസിസി നേതൃയോഗത്തിൽ പറഞ്ഞിരുന്നു എന്നായിരുന്നു മുമ്പ് വന്ന വാർത്ത.