ന്യൂഡൽഹി: റഫാൽ കേസിൽ പുനപരിശോധന ഹർജിയിൽ വാദം അവസാനിച്ചു. പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി വിധിപറയാന്‍ മാറ്റി. രണ്ടാഴ്ചക്കുള്ളില്‍ വാദങ്ങള്‍ എഴുതി നല്‍കാന്‍ കോടതി നിർദേശിച്ചു. കേസിൽ ലോക്സഭ തെരഞ്ഞെടുപ്പ് അവസാനിക്കുന്നതിന് മുമ്പ് വിധിയുണ്ടാകില്ല. ചീഫ് ജസ്റ്റിസ് രഞ്‍ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് വാദിക്കാൻ രണ്ട് മണിക്കൂർ വേണമെന്ന പ്രശാന്ത് ഭൂഷൻ ആവശ്യപ്പെട്ടു എന്നാൽ ഒരു മണിക്കൂറാണ് പ്രശാന്ത് ഭൂഷണ് വാദിക്കാനായി അനുവദിച്ചത്.
കേസിൽ കേന്ദ്ര സര്‍ക്കാരിന്‍റെയും ഹര്‍ജിക്കാരുടെയും വാദം പൂര്‍ത്തിയായി. ഇടപാടിന്‍റെ എല്ലാ രേഖകളും വേണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചു. കരാറിന് അന്താരാഷ്ട്ര കരാര്‍ നിയമങ്ങളുടെ സംരക്ഷണമുണ്ടെന്നും കേന്ദ്രം. നടപടി ക്രമങ്ങള്‍ കോടതി അംഗീകരിച്ചതാണെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു.
വില വിവരങ്ങള്‍ ഇന്ത്യ ഫ്രാന്‍സ് സര്‍ക്കാരുകള്‍ തമ്മിലുള്ള 2008ലെ കരാറിന്‍റെ ഭാഗമാണെന്നും അതുകൊണ്ട് വില വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ ആകില്ലെന്നും റിട്ട് ഹര്‍ജിയിലെ വാദങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് ഹര്‍ജിക്കാര്‍ ചെയ്തതെന്നും പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് ബോധ്യപ്പെട്ടാലേ അന്വേഷണം നടത്തേണ്ടതുള്ളൂവെന്നും എ ജി വാദിച്ചു. മുമ്പ് റഷ്യ, അമേരിക്ക എന്നിവരുമായി ഉണ്ടാക്കിയ കരാറിന് സോവറിന്‍ ഗ്യാരണ്ടി ഉണ്ടായിരുന്നില്ലെന്നും എജി കോടതിയെ അറിയിച്ചു.