ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയ ഉടന്‍ വിട്ടയക്കണമെന്ന് സുപ്രീംകോടതി. എന്തടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് കോടതി ചോദിച്ചു. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കനോജിയയുടെ ഭാര്യ ജിഗിഷ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് ഇന്ദിര ബാനര്‍ജി അധ്യക്ഷയായ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
മതവികാരം വ്രണപ്പെടുത്തുന്ന നിരവധി ട്വീറ്റുകള്‍ മുമ്പും കനോജിയ പങ്കുവച്ചിട്ടുണ്ടെന്ന് തെളിവുകള്‍ സഹിതം യുപി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ട്വീറ്റുകളുടെ പേരില്‍ അറസ്റ്റ് ചെയ്തതും ഇരുപത്തിരണ്ടാം തിയതി വരെ റിമാന്‍റില്‍ വിട്ടതും ശരിയായില്ലെന്ന് കോടതി പറഞ്ഞു. യോഗി ആദിത്യനാഥിനെ വിവാഹം കഴിക്കണമെന്ന് ഒരു യുവതി പറയുന്ന വീഡിയോ പങ്കുവച്ചതിനാണ് ഗൊരഖ്പൂര്‍ പൊലീസ് കനോജിയയെ അറസ്റ്റ് ചെയ്തത്. ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്ത പ്രാദേശിക ചാനല്‍ ജീവനക്കാരായ മൂന്ന് പേരെയും അറസ്റ്റ് ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റിനെതിരെ എഡിറ്റേഴ്സ് ഗില്‍ഡ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.