സതാംപ്റ്റണ്‍: കൊവിഡ് 19ന് ശേഷമുള്ള ആദ്യ അന്താരാഷ്ട്ര അര്‍ദ്ധസെഞ്ച്വറി സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍ ക്രെയ്‌ഗ് ബ്രാത്ത്‌വെയിറ്റ്. മഹാമാരിയെ തുടര്‍ന്ന് നാല് മാസമായി സ്തംഭിച്ച അന്താരാഷ്ട്ര ക്രിക്കറ്റ് പുനരാരംഭിച്ച സതാംപ്റ്റണിലെ റോസ്ബൗള്‍ സ്റ്റേഡിയത്തിലാണ് ബ്രാത്ത്‌വെയിറ്റിന്‍റെ അര്‍ദ്ധസെഞ്ച്വറി പിറന്നത്. ഇംഗ്ലണ്ടിനെതിരെ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ് ടീമിന് വേണ്ടി 113 പന്തില്‍ മൂന്ന് ഫോര്‍ ഉള്‍പ്പെടെയായിരുന്നു ബ്രാത്ത്‌വെയിറ്റിന്‍റെ ഇന്നിങ്സ്. ഇതേവരെ 59 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ബ്രാത്ത് വെയിറ്റ് എട്ട് സെഞ്ച്വറിയും 17 അര്‍ദ്ധ സെഞ്ച്വറിയും സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറിയോടെ 212 റണ്‍സെടുത്തതാണ് ഏറ്റവും ഉയര്‍ന്ന സ്കോര്‍.
ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് കരീബിയന്‍ നായകന്‍ ഹോള്‍ഡര്‍
മൂന്നാം ദിനം അവസാനം വിവരം ലഭിക്കുമ്പോള്‍ വിന്‍ഡീസ് ടീം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുത്തു. 51 റണ്‍സെടുത്ത ബ്രാത്ത് വെയിറ്റും 19 റണ്‍സെടുത്ത ബ്രൂക്സുമാണ് ക്രീസില്‍. 28 റണ്‍സെടുത്ത ഓപ്പണര്‍ കാംപെല്ലിന്‍റെയും 16 റണ്‍സെടുത്ത ഷായി ഹോപ്പിന്‍റെയും വിക്കറ്റുകളാണ് കരീബിയന്‍ പടക്ക് നഷ്ടമായത്. നേരത്തെ ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇംഗ്ലീഷ് ടീം 204 റണ്‍സെടുത്ത് കൂടാരം കയറിയിരുന്നു.