ഇന്ത്യന്‍ സിനിമയുടെ കിങ് ഖാന്‍ ഷാരൂഖാന്‍റെ തിരിച്ചുവരവിന് കാത്തിരിക്കുകയാണ് ലക്ഷോപലക്ഷം ആരാധകര്‍. ഇത് സംബന്ധിച്ച് യാതൊരു വിവരങ്ങളും സൂപ്പര്‍ താരം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇപ്പോള്‍ തമിഴ് താരം മാധവന്‍ കേന്ദ്രകഥാപത്രത്തെ അവതരിപ്പിക്കുന്ന റോക്കട്രി; ദി നമ്പി എഫക്ടില്‍ ഷാരൂഖ് ഖാന്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. അമിതാഭ് ബച്ചന്‍, രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ബ്രഹ്മാസ്ത്രയിലും കിങ് ഖാന്‍ അഭിനയിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. റോക്കട്രിയില്‍ മാധ്യമപ്രവര്‍ത്തകന്‍റെ കഥാപാത്രത്തെയാണ് ഷാരൂഖ് അവതരിപ്പിക്കുക. പത്മഭൂഷണ്‍ ജേതാവും ശാസ്ത്രജ്ഞനുമായ നമ്പി നാരായണന്‍റെ ജീവിതമാണ് റോക്കട്രി; ദി നമ്പി എഫക്ട് എന്ന ചിത്രം പറയുന്നത്.
ആനന്ദ്.എല്‍.റോയ് ചിത്രം സീറോയാണ് ഷാരൂഖാന്‍റെതായി ഏറ്റവും അവസാനം തിയ്യേറ്ററുകളിലെത്തിയ ചിത്രം. കത്രീന കൈഫും, അനുഷ്ക ശര്‍മയും നായികമാരായ ചിത്രം തിയ്യേറ്ററുകളില്‍ വേണ്ടത്ര വിജയമായിരുന്നില്ല.