ന്യൂഡല്‍ഹി: ഡോ. ഖഫീല്‍ അഹമ്മദ് ഖാന്‍റെ സസ്പെന്‍ഷനുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിപ്പിക്കണമെന്ന് സുപ്രീം കോടതി. സസ്പെന്‍ഷന്‍ കാലയളവിലെ അലവന്‍സ് അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കാനും ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. 2019 മാര്‍ച്ചില്‍ കഫീല്‍ ഖാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് എസ് കെ കൗളും ഇന്ദിര ബാനര്‍ജിയുമുള്‍പ്പെട്ട ബെഞ്ചിന്‍റെ വിധി.
ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ ഓക്സിജന്‍ കിട്ടാതെ 60 കുട്ടികള്‍ മരിച്ച സംഭവത്തോടെയാണ് ഖഫീല്‍ ഖാന്‍ ജനശ്രദ്ധ നേടുന്നത്. കുട്ടികള്‍ മരിച്ചത് ഓക്സിജന്‍ വിതരണം ചെയ്യുന്ന ഏജന്‍സിക്ക് സര്‍ക്കാര്‍ പണം നല്‍കാത്തതു കൊണ്ടാണെന്ന് വെളിപ്പെടുത്തിയത് ഖഫീല്‍ ഖാനായിരുന്നു. എന്നാല്‍ ഇതിനെ തുടര്‍ന്ന് ഖഫീലിനെ സസ്പെന്‍ഡ് ചെയ്യുകയും ഒമ്പതു മാസത്തോളം ഖഫീലിന് ജയില്‍ വാസമനുഭവിക്കേണ്ടിയും വന്നു. കഴിഞ്ഞ സെപ്തംബറിലായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഖഫീല്‍ കുറ്റവിമുക്തനായത്.