തിരുവനന്തപുരം: ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ കീഴിലെ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കലിനിടെ പ്രതിഷേധം. പഞ്ചായത്തിലെ ഹെൽത്ത് സെന്‍ററിൽ ഈ മാസം ആറാം തീയതിയാണ് കാർഡ് പുതുക്കൽ ആരംഭിച്ചത്. എന്നാൽ ബാലരാമപുരം പഞ്ചായത്ത് അധികൃതർ യാതൊരു മുന്നറിയിപ്പും കൂടാതെ സെന്‍റർ ബാലരാമപുരം ഹയർ സെക്കന്ററി സ്കൂളിലേക്ക് മാറ്റുകയായിരുന്നു.
ഒരു ദിവസം രണ്ട് വാർഡ് എന്ന തരത്തിലാണ് ദിവസങ്ങൾ നിശ്ചയിച്ചു നൽകിയിരുന്നത്. എന്നാൽ ഈ ക്രമം മാറ്റി എല്ലാവരേയും ഒരേ ദിവസം വിളിച്ചുവരുത്തി. കൂടാതെ സമീപ പഞ്ചായത്തിലെയും നെയ്യാറ്റിൻകര നഗരസഭയിലെയും ചില വാർഡുകളിലെ കാർഡ് പുതുക്കൽ കൂടി ഇവിടെ ആക്കിയതോടെ ജനങ്ങൾ വലഞ്ഞു. പലരും രാവിലെ അഞ്ച് മണി മുതൽ തന്നെ സെന്‍ററിൽ കാർഡ് പുതുക്കാൻ എത്തി. നടപടികൾ പൂർത്തിയാക്കുന്ന കാര്യത്തിൽ വീഴ്ച വന്നതിനെ തുടർന്ന് സ്കൂളിന് മുമ്പിൽ ജനങ്ങൾ കുത്തിയിരിപ്പ് സമരം തുടങ്ങി. എന്നാൽ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികൾ ഒന്നും ഉണ്ടായില്ല. ഇത് ജനങ്ങൾക്കിടയിൽ പ്രതിഷേധം ശക്തമാക്കി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതുകൊണ്ടാണ് സമയബന്ധിതമായി കാർഡ് പുതുക്കൽ പ്രക്രിയ നടത്താൻ കഴിയാത്തതെന്നും, രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ ആണ് ഹെൽത്ത് സെന്‍ററിൽ നിന്ന് സ്കൂളിലേക്ക് സെന്‍റർ മാറ്റിയതെന്നുമാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.