ന്യൂഡല്‍ഹി: ഇരട്ടപദവി വിവാദത്തില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുല്‍ക്കർ ബിസിസിഐ ഓംബുഡ്സ്മാൻ ഡി കെ ജെയ്നിന് മുന്നില്‍ ഹാജരായി. വിഷയത്തില്‍ തീരുമാനമാകാത്തതിനാല്‍ വാദം ഈ മാസം 20ലേക്ക് മാറ്റിവച്ചു. അടുത്ത വാദത്തില്‍ സച്ചിൻ ഹാജരാകണമെന്നില്ല.
ക്രിക്കറ്റ് ഉപദേശക സമിതിയിലും ഐപിഎല്‍ ഉപദേശക സമിതിയിലും ഒരുപോലെ പ്രവർത്തിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി സച്ചിൻ ടെണ്ടുല്‍ക്കറിന് ഓംബുഡ്സ്മാൻ നോട്ടീസ് അയച്ചിരുന്നു. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ അംഗമായ സഞ്ജീവ് ഗുപ്ത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഓംബുഡ്സ്മാന്‍റെ നോട്ടീസ്. വിവാദത്തില്‍ ഓംബുഡ്സ്മാന്‍റെ നോട്ടീസിന് സച്ചിൻ ടെണ്ടുല്‍ക്കർ മറുപടി നല്‍കിയിരുന്നു. മുംബൈ ഇന്ത്യൻസില്‍ നിന്ന് യാതൊരു തരത്തിലുള്ള പ്രതിഫലവും വാങ്ങുന്നില്ലെന്നാണ് സച്ചിൻ മറുപടി നല്‍കിയത്.
മുംബൈ ഇന്ത്യൻസില്‍ തീരുമാനങ്ങൾ എടുക്കുന്നതുമായി ബന്ധപ്പെട്ട ചുമതലകൾ തനിക്കില്ലെന്ന് സച്ചിൻ വ്യക്തമാക്കുന്നു. 2015ലാണ് ക്രിക്കറ്റ് ഉപദേശക സമിതിയില്‍ തന്നെ തെരഞ്ഞെടുത്തതെന്നും മുംബൈ ഇന്ത്യൻസുമായുള്ള ബന്ധം ഇതിന് മുമ്പേ തുടങ്ങിയിരുന്നുവെന്നും സച്ചിൻ പറഞ്ഞു. ഫ്രാഞ്ചൈസിയിലെ യുവതാരങ്ങൾക്ക് മാർഗ നിർദ്ദേശം നല്‍കുക മാത്രമാണ് തന്‍റെ ജോലിയെന്നും മാസ്റ്റർ ബ്ലാസ്റ്റർ കൂട്ടിച്ചേർത്തു. സമാന കേസില്‍ സൗരവ് ഗാംഗുലിക്കും വി വി എസ് ലക്ഷ്മണിനും ഓംബുഡ്സ്മാൻ നോട്ടീസ് അയച്ചിരുന്നു.