പത്തനംതിട്ട: ഹൈക്കോടതി നിയോഗിച്ച ദേവസ്വം ബോർഡ് ഓഡിറ്റ് വിഭാഗം നാളെ ശബരിമല ക്ഷേത്രത്തിന്റെ സ്ട്രോംഗ് റൂം തുറന്ന് പരിശോധിക്കും. വഴിപാടായി കിട്ടിയ സ്വർണവും വെള്ളിയും സ്ട്രോംഗ് റൂമിലേക്ക് മാറ്റിയതിന് രേഖകളില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പരിശോധന. സ്ട്രോംഗ് റൂം മഹ്സർ രേഖകൾ ഓഡിറ്റ് വിഭാഗം പരിശോധിക്കും.
വഴിപാടായി കിട്ടുന്ന സ്വർണത്തിന്‍റെയും വെള്ളിയുടെയും കണക്കുകള്‍ ശബരിമല ക്ഷേത്രത്തിന്റെ നാലാം നമ്പർ രജിസ്റ്ററിൽ രേഖപ്പെടുത്തണം. ക്ഷേത്രം ആവശ്യത്തിനായി സ്വർണവും വെള്ളിയും ഉപയോഗിക്കുകയോ, സ്ട്രോംഗ് റൂമിലേക്ക് മാറ്റുകയോ ചെയ്താലും ഇതേ രജിസ്റ്ററിൽ രേഖപ്പെടുത്തണം. എന്നാൽ ഇതിൽ വീഴ്ച സംഭവിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ശബരിമലയുടെ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലുള്ള സ്ട്രോംഗ് റൂം പരിശോധിക്കുന്നത്.
2017 മുതൽ വഴിപാടായി കിട്ടിയ 40 കിലോ സ്വർണവും 100 കിലോയിലധികം വെള്ളിയും സ്ട്രോംഗ് റൂമില്‍ സുരക്ഷിതമാണോയെന്ന് ഉറപ്പുവരുത്തും. പൊരുത്തകേടുണ്ടായാൽ സ്വർണം തൂക്കി നോക്കുന്നത് ഉൾപ്പടെയുള്ള പരിശോധനകൾ നടത്തും. സ്ട്രോംഗ് റൂം പരിശോധന നടത്തണമെന്ന് ഹൈക്കോടതി നിയോഗിച്ച ഓഡിറ്റ് വിഭാഗം ശബരിമല എക്സിക്യൂട്ടീവ് ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ട്. ശബരിമല അസിസ്റ്റൻറ് എക്സിക്യൂട്ടീവ് ഓഫീസറുടെ സാന്നിധ്യത്തിലായിരിക്കും സ്ട്രോംഗ് റൂമിന്‍റെ പരിശോധന നടത്തുക.