മോസ്കോ: കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആശങ്കയുണ്ടെന്ന് റഷ്യ. ഇരു രാജ്യങ്ങളും തര്‍ക്കം പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റഷ്യൻ പ്രസിഡന്റിന്റെ വക്താവ് ദിമിത്രി പെസ്കോവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.ചൈനീസ്-ഇന്ത്യൻ അതിർത്തിയിൽ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾ വളരെ ശ്രദ്ധയോടെയാണ് കാണുന്നതെന്നും ഇപ്പോള്‍ സംഭവിച്ചത് ഭയാനകമായതാണെന്നാണ് മനസിലാക്കുന്നതെന്നും ദിമിത്രി പെസ്കോവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
'ഭാവിയിൽ ഇത്തരം സാഹചര്യങ്ങൾ തടയുന്നതിനും പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഇല്ലെന്ന് ഉറപ്പുവരുത്തുന്നതിനും ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിനും ഇരു രാജ്യങ്ങൾക്കും പ്രാപ്തിയുണ്ടെന്ന് തങ്ങൾ കരുതുന്നുവെന്നും' ദിമിത്രി പെസ്കോവ് പറഞ്ഞു. ചൈനയും ഇന്ത്യയും റഷ്യയുടെ അടുത്ത പങ്കാളികളും സഖ്യകക്ഷികളുമാണെന്ന് ക്രെംലിൻ വക്താവ് പറഞ്ഞു. റഷ്യയുമായി പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതമായ ബന്ധം ഇരുരാജ്യങ്ങള്‍ക്കുമുണ്ടെന്നും ക്രെംലിൻ വക്താവ് പറഞ്ഞു. സ്ഥിതിഗതികൾ വഷളാകാതിരിക്കാന്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ റഷ്യ സ്വാഗതം ചെയ്യുന്നതായി വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് പറഞ്ഞു.
ഗാൽവാൻ താഴ്‌വരയിൽ തിങ്കളാഴ്ച രാത്രി നടന്ന ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ കേണൽ ഉൾപ്പെടെ ഇരുപത് ഇന്ത്യൻ കരസേനാംഗങ്ങളാണ് വീരമൃത്യു വരിച്ചത്. അഞ്ച് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ സൈനിക ഏറ്റുമുട്ടലാണ് ഇരു രാജ്യങ്ങളും തമ്മില്‍ അതിര്‍ത്തിയില്‍ ഉണ്ടായത്
ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറുമായും രണ്ട് നേതാക്കളുമായും സംസാരിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ ഉണ്ടാക്കിയ കരാറിന് അനുസൃതമായി അതിർത്തിയിലെ പിരിമുറുക്കങ്ങൾ എത്രയും വേഗം ശമിപ്പിക്കാനും അതിർത്തി പ്രദേശത്ത് സമാധാനം നിലനിർത്താനും സമ്മതിച്ചുകൊണ്ട് ചൈനയിൽ നിന്നുള്ള ഔദ്യോഗിക പ്രസ്താവന വന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഗാൽവാൻ താഴ്‌വരയിൽ നടന്ന സംഭവം ഉഭയകക്ഷി ബന്ധത്തെ സാരമായി ബാധിക്കുമെന്ന് ജയ്‌ശങ്കർ ചൈനീസ് വിദേശകാര്യ മന്ത്രി വാങിനോട് പറഞ്ഞു. തിരുത്തൽ നടപടികൾ സ്വീകരിക്കാൻ ചൈനയോട് ആവശ്യപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം ന്യൂഡൽഹിയിൽ അറിയിച്ചു.