എറണാകുളം: ഐഎസ് റിക്രൂട്ട്മെന്‍റ് കേസിൽ പിടിയിലായ റിയാസ് അബൂബക്കറിനെ ഈ മാസം 10 വരെ എൻഐഎ കസ്റ്റഡിയില്‍ വിടാൻ കൊച്ചി എൻഐഎ കോടതി ഉത്തരവ്. റിയാസ് അബൂബക്കർ ചാവേറാകാൻ തീരുമാനിച്ചിരുന്നെന്ന് ദേശീയ അന്വേഷണ ഏജൻസി കോടതിയെ അറിയിച്ചു. കേരളത്തിൽ ചാവേറാക്രമണം നടത്താൻ തീരുമാനിച്ചതിലും റിയാസിന് പ്രധാന പങ്കെന്ന് കസ്റ്റഡി അപേക്ഷയില്‍ എൻഐഎ. റിയാസ് അബൂബക്കറിനെ കസ്റ്റഡിയിൽ വാങ്ങുന്നതിന് കോടതിയില്‍ സമർപ്പിച്ച അപേക്ഷയിലാണ് റിയാസിന്‍റെ തീവ്രവാദ ബന്ധം എൻഐഎ വെളിപ്പെടുത്തിയത്.
ശ്രീലങ്കയിൽ സ്ഫോടനം നടത്തിയ ചാവേറുകൾ ഉൾപ്പെടെയുള്ളവർ കേരളത്തിലെത്തി എന്ന ശ്രീലങ്കൻ സൈനിക മേധാവിയുടെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ തുടർ ചോദ്യം ചെയ്യലിനാണ് റിയാസിനെ കസ്റ്റഡിയിൽ വാങ്ങുന്നത്.
നേരത്തെ നടന്ന ചോദ്യം ചെയ്യലിൽ ശ്രീലങ്കൻ സ്‌ഫോടനത്തിന്‍റെ സൂത്രധാരൻ സഫ്രാൻ ഹാഷിമുമായി ആശയ വിനിമയം നടത്തിയെന്ന് റിയാസ് അബൂബക്കർ മൊഴി നൽകിയിരുന്നു. സ്ഫോടനത്തിൽ റിയാസിനും പങ്കുണ്ടോ എന്ന് കണ്ടെത്താനാണ് റിയാസ് അബൂബക്കറിനെ കസ്റ്റഡിയില്‍ വാങ്ങുന്നത്. പ്രാഥമിക ചോദ്യം ചെയ്യൽ മാത്രമാണ് ഇപ്പോൾ നടന്നിട്ടുളളതെന്നും കൂടുതൽ ചോദ്യം ചെയ്യലിനായി അഞ്ച് ദിവസത്തെ കസ്റ്റഡി വേണമെന്നും എൻ ഐ എ കോടതിയിൽ പറഞ്ഞു. റിയാസ് അബൂബക്കറിന് വേണ്ടി അഡ്വ ബിഎ ആളൂർ കോടതിയില്‍ ഹാജരായി.