ബാഴ്സലോണ: എസ്‌പാനിയോളിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് സ്പാനിഷ് ലാലിഗയിലെ പോയിന്‍റ് പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു റയലിന്‍റെ ജയം. പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള എസ്പാനിയോള്‍ തരംതാഴ്ത്തല്‍ ഭീഷണി നേരിടുന്നതിനാല്‍ ജീവന്‍മരണ പോരാട്ടമാണ് നടത്തിയത്. ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചപ്പോള്‍ രണ്ടാം പകുതിയിലെ ആദ്യമിനിട്ടില്‍ ബ്രസീലിയന്‍ താരം കാസെമിറോയാണ് റയലിന്‍റെ വിജയ ഗോള്‍ നേടിയത്. മുന്നേറ്റ താരം കരീം ബന്‍സേമയുടെ അസിസ്റ്റ് കാസെമിറെ എസ്പാനിയോളിന്‍റെ വലയിലെത്തിച്ചു.
കൊവിഡ് 19നെ തുടര്‍ന്ന് പുനരാരംഭിച്ച ലീഗില്‍ കിരീട പോര് തുടരുന്ന നിലവിലെ ചാമ്പ്യന്‍മാരായ ബാഴ്സലോണയും ബദ്ധവൈരികളായ റയല്‍ മാഡ്രിഡും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. ഇരു ടീമുകളും പുനരാരംഭിച്ച ലീഗിലെ ഒരു മത്സരത്തില്‍ പോലും പരാജയം രുചിച്ചിട്ടില്ല. അതേസമയം സമനില പോലു വഴങ്ങാത്ത റയല്‍ കൊവിഡ് 19ന് ശേഷം കളിച്ച് അഞ്ച് മത്സരങ്ങളിലും വിജയിച്ചു.
എസ്‌പാനിയോളിനെതിരായ ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ 71 പോയിന്‍റുമായി റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു. 69 പോയിന്‍റുമായി ബാഴ്സലോണ രണ്ടാം സ്ഥാനത്തുണ്ട്. ആറ് മത്സരങ്ങള്‍ വീതം ബാക്കിയുള്ള ഇരു ടീമുകളും ശേഷിക്കുന്ന മത്സരങ്ങളില്‍ വിജയിച്ച് കിരീടം ഉറപ്പിക്കാനാകും ശ്രമിക്കുക. അതേസമയം റയലിന് എതിരായ മത്സരത്തില്‍ പരാജയപ്പെട്ട എസ്പാനിയോളിന് ശേഷിക്കുന്ന ആറ് മത്സരങ്ങളില്‍ നിന്നും 10 പോയിന്‍റ് സ്വന്തമാക്കിയാലെ തരംതാഴ്ത്തല്‍ ഒഴിവാക്കാനാകൂ. ജൂലായ് രണ്ടിന് നടക്കുന്ന അടുത്ത മത്സരത്തില്‍ റയല്‍ സോസിഡാസാണ് എസ്പാനിയോളിന്‍റെ എതിരാളികള്‍.