തിരുവനന്തപുരം: മസാല ബോണ്ടിന്റെ പലിശനിരക്ക് ന്യായമാണെന്നും ഇത് സംസ്ഥാനത്തിന് ഭാരമാവില്ലെന്നും ധനമന്ത്രി ഡോ. തോമസ് ഐസക്. 50,000 കോടിയുടെ അടിസ്ഥാന സൗകര്യ വികസനമാണ് കിഫ്ബി ലക്ഷ്യം വയ്ക്കുന്നത്.
ഈ തുക പൊതുമേഖലാ ബാങ്കുകളിൽ നിന്ന് കിട്ടാത്ത സാഹചര്യത്തിലാണ് മസാല ബോണ്ട് വഴി ധനസമാഹരണം നടത്തുന്നതെന്നും ധനമന്ത്രി നിയമസഭയിൽ പറഞ്ഞു. മസാല ബോണ്ട് വഴി 2,150 കോടി രൂപയാണ് ഇത് വരെ സ്വരൂപിച്ചത്. 9.72 ശതമാനം ആണ് പലിശനിരക്ക്. മാർച്ച് മുപ്പത്തിയൊന്നിന് മുമ്പ് ഇടപാട് നടത്തുക വഴി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്ന അഞ്ച് ശതമാനം വിത്ത് ഹോൾഡിങ് നികുതിയുടെ ഇളവും നേടാനായതായി ധനമന്ത്രി വ്യക്തമാക്കി.
പലിശയടക്കം 3,195.24 കോടിയാണ് അഞ്ച് വർഷത്തിന് ശേഷം തിരിച്ചടക്കേണ്ടത്. അടിസ്ഥാനസൗകര്യ വികസനം സാധ്യമാക്കുന്നത് വഴി വികസന വേഗവും തോതും വർദ്ധിക്കുമെന്നതിനാലും അഞ്ച് വർഷത്തിന് ശേഷം തിരിച്ചടവ് ഭാരമാവില്ല. ധനസമാഹരണത്തിനായി കിഫ്ബി പൊതുമേഖലാ ബാങ്കുകളെ സമീപിച്ചിരുന്നു. 8.95 % മുതൽ 9.30 % വരെ പലിശ നിരക്കിൽ നാല് ബാങ്കുകൾ 2565 കോടി രൂപ മാത്രമാണ് അനുവദിച്ചതെന്നും ധനമന്ത്രി തോമസ് ഐസക് സഭയെ അറിയിച്ചു.