ലണ്ടന്‍: ഓള്‍ഡ് ട്രാഫോഡില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകര്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടം മാറ്റിവെച്ചു. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂളും തമ്മിലുള്ള മത്സരമാണ് മാറ്റിവെച്ചത്. ഇന്നലെ രാത്രി ഒമ്പതിന് നടക്കാനിരുന്ന മത്സരം മാറ്റിവെച്ചെങ്കിലും പുതിയ ഫിക്‌സ്‌ചര്‍ പ്രീമിയര്‍ ലീഗ് അധികൃതര്‍ പ്രഖ്യാപിച്ചിട്ടില്ല. ആരാധകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ആദ്യമായാണ് ഒരു പ്രീമിയര്‍ ലീഗ് പോരാട്ടം മാറ്റിവെക്കുന്നത്.
പ്രീമിയര്‍ ലീഗ് മത്സരത്തിന് മുന്നോടിയായി 200-ഓളം വരുന്ന യുണൈറ്റഡ് ആരാധകരാണ് ചരിത്രമുറങ്ങുന്ന ഓള്‍ഡ് ട്രാഫോഡിലേക്ക് ഇന്നലെ ഇരച്ച് കയറിയത്. ക്ലബ് ഉടമകളുടെ നിലപാടില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള ബാനറുകളും കൈയിലേന്തിയാണ് ആരാധകരെത്തിയത്. ഗ്ലേസര്‍ ഗ്രൂപ്പിനെതിരെ പ്രതിഷേധിച്ചുകൊണ്ടുള്ള ബാനറും ഏന്തിയാണ് ആരാധകരെത്തിയത്. സംഭവത്തിനിടെ രണ്ട് പൊലീസുകാര്‍ക്ക് ഉള്‍പ്പെടെ പരിക്കേറ്റു. കൊവിഡ് വിലക്കുകളെ മറികടന്ന് ആരാധകര്‍ കളിക്കളത്തിലേക്ക് ഉള്‍പ്പെടെ ഇരച്ചെത്തിയാണ് പ്രതിഷേധിച്ചത്.
അഞ്ച് പ്രീമിയര്‍ ലീഗ് ക്ലബുകള്‍ യൂറോപ്പ സൂപ്പര്‍ ലീഗിന്‍റെ ഭാഗമായതിനെ തുടര്‍ന്നാണ് ഇംഗ്ലണ്ടില്‍ ഫുട്‌ബോള്‍ ആരാധകരുടെ പ്രതിഷേധം തുടങ്ങിയത്. ഇതിന്‍റെ ബാക്കിപത്രമാണ് ഇന്നലെ ഓള്‍ഡ് ട്രാഫോഡില്‍ കണ്ടത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉള്‍പ്പെടെയുള്ള ക്ലബുകള്‍ സൂപ്പര്‍ ലീഗെന്ന ആശയത്തില്‍ നിന്നും പിന്‍മാറിയെങ്കിലും ആരാധകരുടെ പ്രതിഷേധം അവസാനിച്ചിട്ടില്ല. യുണൈറ്റഡ് ഉള്‍പ്പെടെ വമ്പന്‍ ക്ലബ് ഉടമകളുടെ നിലപാടുകള്‍ക്കെതിരെ അവര്‍ മുന്നോട്ട് പോവുകയാണ്. ഓള്‍ഡ് ട്രാഫോഡ് സംഭവത്തില്‍ സംഭവത്തില്‍ പ്രീമിയര്‍ ലീഗ് അധികൃതരും പൊലീസും ഇതിനകം അന്വേഷണം ആരംഭിച്ചു.