തിരുവനന്തപുരം: അന്തർ സംസ്ഥാന സർവീസുകൾ നടത്തി സ്വകാര്യബസുകൾ പണം വാരുമ്പോൾ കാഴ്ചക്കാരായി കെഎസ്ആർടിസി. തിരുവനന്തപുരത്ത് നിന്നും സ്വകാര്യ ഓപ്പറേറ്റർമാർ നാൽപതോളം അന്തർസംസ്ഥാന സർവീസുകൾ നടത്തുമ്പോൾ കെഎസ്ആർടിസിക്ക് വിരലിലെണ്ണാവുന്ന സർവീസുകൾ മാത്രം.
കല്ലട ബസിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കെഎസ്ആർടിസി ഇതരസംസ്ഥാനങ്ങളിലേക്കുള്ള സർവീസുകൾ വർധിപ്പിക്കണമെന്ന ആവശ്യം വീണ്ടും ഉയരുകയാണ്. ഇക്കാര്യം സജീവ പരിഗണനയിലാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.
ചെന്നൈ ഗോവ മുംബൈ ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി വർഷങ്ങൾക്ക് മുമ്പേ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഈ സംസ്ഥാനങ്ങളുമായി കരാർ ഒപ്പിടുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല. കെഎസ്ആർടിസി അന്തർ സംസ്ഥാന സർവീസുകൾ വർധിപ്പിക്കുന്നതിലൂടെ സ്വകാര്യ ബസുകളുടെ കുത്തക മനോഭാവം ഈ മേഖലയിൽ അവസാനിപ്പിക്കാൻ കഴിയും എന്നാണ് യാത്രക്കാരുടെ പ്രതീക്ഷ.