ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്‍റെ സുരക്ഷ പിന്‍വലിക്കണമെന്ന ആവശ്യവുമായി ബിജെപി ഡല്‍ഹി ഘടകം രംഗത്ത്. സ്വന്തം സുരക്ഷാ ഭടന്മാരാല്‍ താന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേജ്രിവാള്‍ ആരോപിച്ചിരുന്നു. പ്രസ്താവനയില്‍ കേജ്രിവാള്‍ മാപ്പു പറയാന്‍ തയാറാകണമെന്നും ഇല്ലെങ്കില്‍ സുരക്ഷ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ സിറ്റി പൊലീസിന് കത്ത് നല്‍കി.
കേന്ദ്ര മന്ത്രാലയത്തിനും ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ക്കും പൊലീസ് കമ്മീഷണര്‍ക്കും കത്തിന്‍റെ പകര്‍പ്പുകള്‍ അയച്ചിട്ടുണ്ടെന്ന് ബിജെപി വക്താവ് പ്രവീണ്‍ ശങ്കര്‍ കപൂര്‍ അറിയിച്ചു. കേജ്രിവാളിന്‍റെ ആരോപണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ സുരക്ഷാ സംഘം കടുത്ത മാനസിക സംഘര്‍ഷത്തിലായിരിക്കാന്‍ സാധ്യതയുണ്ട്. എത്രയും വേഗം അവര്‍ക്ക് കൗണ്‍സിലിങ് നല്‍കാന്‍ കേജ്രിവാള്‍ തയ്യാറാകണമെന്നും പ്രവീണ്‍ ശങ്കര്‍ പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ട പോലെ സ്വന്തം സുരക്ഷാ ഭടന്മാരാല്‍ താനും കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേജ്രിവാള്‍ പറഞ്ഞിരുന്നു. തന്നെ കൊല്ലാനായി ബിജെപി ശ്രമിക്കുന്നുണ്ടെന്നും കേജ്രിവാള്‍ ആരോപണം ഉന്നയിച്ചു.