ഗള്‍ഫ് സമുദ്രത്തില്‍ ടാങ്കറുകള്‍ക്ക് നേരെ നടന്ന ആക്രമണം മുന്‍നിര്‍ത്തി ഇറാനെതിരെ യുദ്ധത്തിനില്ലെന്ന് അമേരിക്ക. ഗുരുതരമായ ഗള്‍ഫ് യുദ്ധത്തെ ഒഴിവാക്കാനാണ് ഇത്തരമൊരു തീരുമാനമെന്ന് യുഎസ് നേതൃത്വം വ്യക്തമാക്കി. അതിനോടൊപ്പം നിലപാട് തിരുത്താന്‍ ഇറാന്‍ തയാറാകണമെന്നും അമേരിക്ക അറിയിച്ചു. ഒരു മാസത്തിനുള്ളില്‍ രണ്ട് തവണയാണ് ഗള്‍ഫ് സമുദ്രത്തില്‍ ആക്രമണം ഉണ്ടായത്. ആറ് എണ്ണ ടാങ്കറുകള്‍ക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ഇറാനാണന്നാണ് അമേരിക്കയുടെ ആരോപണം. ഈ മേഖലയില്‍ സുരക്ഷ ശക്തമാണെങ്കിലും ഇറാനെതിരെ ഒരു യുദ്ധത്തിന് താല്‍പര്യപ്പെടുന്നില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ അറിയിച്ചു. പ്രശ്നപരിഹാരത്തിന് എല്ലാ വിധ നടപടികളും സ്വീകരിക്കാന്‍ അമേരിക്ക തയ്യാറാണന്നും പോംപിയോ വ്യക്തമാക്കി.
റഷ്യ ഉള്‍പ്പെടെ വന്‍ശക്തി രാജ്യങ്ങളുടെ എതിര്‍പ്പും ഇറാഖ് ഉള്‍പ്പെടെ ഗള്‍ഫ് മേഖലയിലെ രാജ്യങ്ങളുടെ നിസ്സഹകരണവുമാണ് ഇറാനെതിരെ യുദ്ധം ഒഴിവാക്കാന്‍ അമേരിക്കയെ പ്രേരിപ്പിക്കുന്നത്. അതേസമയം എണ്ണ ടാങ്കറുകള്‍ക്കെതിരെ നടന്ന ആക്രമണ സാഹചര്യം മുന്നില്‍ കണ്ട് സമുദ്രസുരക്ഷ ശക്തമാക്കിയിരിക്കുകയാണ് ബ്രിട്ടനിപ്പോള്‍.