മാഞ്ചസ്റ്റര്‍: ഫ്രഞ്ച് മധ്യനിര താരം പോള്‍ പോഗ്ബ ഓള്‍ഡ് ട്രാഫോഡില്‍ തുടരുമെന്ന പ്രതീക്ഷ പങ്കുവെച്ച് മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകന്‍ ഒലേ സോള്‍ഷയര്‍. പോഗ്ബയുമായുള്ള യുണൈറ്റഡിന്‍റെ കരാര്‍ 2021ല്‍ അവസാനിക്കുന്ന മുറക്കാണ് സോള്‍ഷയര്‍ അഭിപ്രായം പങ്കുവെച്ചത്.
മികച്ച താരങ്ങള്‍ ക്ലബിന്‍റെ ഭാഗമായി തുടരണമെന്നാണ് ആഗ്രഹിക്കുന്നത്. അതിനായി ചിലതൊക്കെ ചെയ്യാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഭാവിയിലേക്ക് വേണ്ടി ഒരു ടീമിനെ രൂപീകരിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. പരിക്കിന് ശേഷം ഓരോ മത്സരങ്ങളിലും പോഗ്ബയുടെ പ്രകടനത്തില്‍ പുരോഗതിയുണ്ട്. അദ്ദേഹം ഫുട്ബോള്‍ ആസ്വദിക്കുന്നുണ്ടെന്നും സോള്‍ഷയര്‍ പറഞ്ഞു.
നിലവില്‍ റാഷ്ഫോര്‍ഡ്, ആന്‍റണി മാര്‍ഷ്യല്‍ തുടങ്ങിയ താരങ്ങളുമായുള്ള കരാര്‍ യുണൈറ്റഡ് പുതുക്കി കഴിഞ്ഞു. 2021ല്‍ കരാര്‍ അവസാനിക്കുന്ന പശ്ചാത്തലത്തില്‍ ഓള്‍ഡ് ട്രാഫോഡ് വിടാന്‍ പോഗ്ബ നീക്കം നടത്തുന്നുണ്ട്. സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡും ഇറ്റാലിനന്‍ സീരി എയിലെ കരുത്തരായ യുവന്‍റസും ഉള്‍പ്പെടെയുള്ള ടീമുകളാണ് പോഗ്ബ ലക്ഷ്യമിടുന്നതെന്നാണ് സൂചന. അതേസമയം ഒരു വര്‍ഷം കൂടി ഫ്രഞ്ച് താരവുമായുള്ള കരാര്‍ നീട്ടി നല്‍കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സാധിക്കും.
പരിക്ക് ഭേദമായി തിരിച്ചെത്തിയ ശേഷം പോര്‍ച്ചുഗീസ് താരം ബ്രൂണോ ഫെര്‍ണാണ്ടസുമായി ചേര്‍ന്ന് മധ്യനിരയില്‍ മികച്ച പ്രകടനമാണ് പോള്‍ പോഗ്ബ കാഴ്‌ചവെക്കുന്നത്. ഇരുവരും ചേര്‍ന്ന് യുണൈറ്റഡിന് ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിക്കൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് യുണൈറ്റഡ്.