തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷയിൽ തിരുത്തൽ വരുത്താനുള്ള അവസരം ഇന്ന് അവസാനിക്കും. പ്രവേശനം ആഗ്രഹിക്കുന്ന സ്കൂൾ, വിഷയം എന്നിവയുടെ മുൻഗണനാ ക്രമമനുസരിച്ച് ഇന്ന് വൈകിട്ട് നാല് മണി വരെ അപേക്ഷയില്‍ തിരുത്തല്‍ വരുത്താം. വിട്ടുപോയ വിവരങ്ങൾ കൂട്ടിച്ചേർക്കാന്‍ സാധിക്കും. വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ട്രയൽ അലോട്ട്മെന്‍റിന്‍റെ ഫലം പരിശോധിച്ച് വേണം അപേക്ഷകളിൽ തിരുത്തൽ വരുത്താൻ. ഓപ്ഷൻ നൽകിയതിലെ അപാകതകൾ കാരണം പല വിദ്യാര്‍ഥികള്‍ക്കും ട്രയൽ അലോട്ട്മെന്‍റ് പട്ടികയിൽ ഇടം നേടാന്‍ സാധിച്ചിരുന്നില്ല. ഉയർന്ന ഗ്രേഡ് ലഭിച്ചവര്‍ പോലും ട്രയൽ അലോട്ട്മെന്‍റിൽ ഉൾപ്പെട്ടിട്ടില്ല.
പഠിച്ചിരുന്ന സ്കൂളിൽ തന്നെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കുന്നവർക്ക് ബോണസ് പോയിന്‍റും ലഭിക്കും. വിദ്യാർഥികളുടെ വീട് ഉൾപ്പെടുന്ന തദ്ദേശസ്ഥാപന പരിധിയിലാണ് അപേക്ഷിക്കുന്നതെങ്കിൽ രണ്ട് ബോണസ് പോയിന്‍റ് ലഭിക്കും. മെയ് ഇരുപത്തിനാലിനാണ് ആദ്യ അലോട്ട്മെന്‍റ്.