കൊച്ചി: പാലാരിവട്ടം മേൽപ്പാലം നിര്‍മാണത്തിലെ ക്രമക്കേടിൽ വിജിലൻസ് സംഘം കിറ്റ്‌കോ ആസ്ഥാനത്തെത്തി തെളിവെടുപ്പ് നടത്തി. മേൽപ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ട രേഖകൾ വിജിലൻസ് സംഘം പരിശോധിച്ചു. റോഡ്സ് ആന്‍റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍, കിറ്റ്‌കോ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരിൽ നിന്നുള്ള മൊഴിയെടുക്കൽ തുടരുകയാണ്. വിജിലൻസ് സംഘം നേരത്തെ പാലത്തിൽ നിന്നും സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. പാലം നിർമ്മാണത്തിന് ഉപയോഗിച്ച വസ്തുക്കളുടെ ഗുണമേന്മ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്നറിയാന്‍ സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കും. ഇതിന് ശേഷമാകും അന്തിമറിപ്പോർട്ട് തയ്യാറാക്കുക.
പാലാരിവട്ടം മേൽപ്പാലം നിർമാണവുമായി ബന്ധപ്പെട്ട ക്രമക്കേടിൽ വിജിലൻസിന്റെ ആദ്യഘട്ട അന്വേഷണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാനാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.