ഇസ്ലാമാബാദ്: യുഎസ് മാധ്യമപ്രവർത്തകൻ ഡാനിയേൽ പേളിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ബ്രിട്ടീഷ് വംശജനായ അൽ-ഖ്വയ്ദ നേതാവ് അഹമ്മദ് ഒമർ സയീദ് ഷെയ്കിന്‍റെയും മൂന്ന് സഹായികളുടെയും കസ്റ്റഡി കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി. നാലുപേരുടെ ശിക്ഷാവിധി റദ്ദാക്കിയ ഹൈക്കോടതി വിധി താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് സിന്ധ് സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി നിരസിച്ചതിന് ശേഷമാണ് നടപടി. ഇവരുടെ കസ്റ്റഡി കാലാവധി ജൂലായ് ഒന്നിന് അവസാനിച്ചിരുന്നു. സെപ്റ്റംബർ 30 വരെ പ്രതികൾ തടവില്‍ കഴിയുമെന്ന് കറാച്ചി സെൻട്രൽ ജയിൽ സൂപ്രണ്ട് ഹസൻ സെഹ്തൂ പറഞ്ഞു.
മുംബൈ ആസ്ഥാനമായ വാള്‍ സ്ട്രീറ്റ് ജേണലിന്‍റെ സൗത്ത് ഏഷ്യ ബ്യൂറോ ചീഫായിരുന്ന ഡാനിയല്‍ പേളിനെ 2002 ജനുവരിയിലാണ് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. 2001 സെപ്റ്റംബറില്‍ യുഎസിന് നേരെയുണ്ടായ ഭീകരാക്രമണത്തെ കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു ഡാനിയല്‍ പേള്‍. ഫെബ്രുവരിയില്‍ പേളിന്‍റെ തലവെട്ടി മാറ്റുന്ന ദൃശ്യങ്ങള്‍ ലഭിച്ചതായി അധികൃതര്‍ അറിയിച്ചിരുന്നു. പിന്നീട് അധികം താമസിയാതെ അഹമദ് ഒമര്‍ സയീദ് ഷെയ്ഖിനേയും മറ്റ് മൂന്ന് ഭീകരരേയും പിടികൂടി.