തൃശ്ശൂർ: തൃശ്ശൂർ പാലിയേക്കര ടോള്‍ പ്ലാസയില്‍ യാത്രക്കാരനെ ടോള്‍ പ്ലാസ ജീവനക്കാര്‍ മര്‍ദ്ദിച്ചു. തൃശ്ശൂർ അളഗപ്പനഗര്‍ സ്വദേശി മെബിനാണ് മര്‍ദ്ദനമേറ്റത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം.
ടോള്‍ പ്ലാസയിലെ നീണ്ട വരിയിൽ നിന്ന് തിരക്ക് കുറഞ്ഞ ട്രാക്കിലേക്ക് കയറിയതിനാണ് ജീവനക്കാര്‍ യാത്രക്കാരനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതെന്നാണ് ആരോപണം. തിരക്കൊഴിഞ്ഞ ട്രാക്കിലേക്ക് പ്രവേശിക്കുന്നതിനിടെ ടോൾ പ്ലാസ ജീവനക്കാരന്‍ തന്റെ ജീപ്പിന്റെ കണ്ണാടി തകര്‍ക്കുകയായിരുന്നുവെന്ന് മെബിന്‍ പറഞ്ഞു. ഇത് ചോദ്യം ചെയ്യുന്നതിനിടെ നാല് ജീവനക്കാര്‍ എത്തി മെബിനെ ജീപ്പില്‍ ചേര്‍ത്തുനിര്‍ത്തി മര്‍ദ്ദിച്ചു.
സംഭവം കണ്ട് പുറകിലുണ്ടായിരുന്ന യാത്രക്കാര്‍ ഓടിയെത്തുമ്പോഴേക്കും ജീവനക്കാര്‍ ടോള്‍ പ്ലാസയുടെ ഓഫീസിനുള്ളിൽ കയറി രക്ഷപ്പെട്ടു. മെബിനെ മര്‍ദിച്ചവരെ പുറത്തിറക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാര്‍ ടോള്‍ പ്ലാസക്ക് മുമ്പിൽ പ്രതിഷേധം ആരംഭിച്ചു. യാത്രക്കാരനെ മര്‍ദ്ദിച്ച എല്ലാ ജീവനക്കാരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടോള്‍ പ്ലാസ ഉപരോധിച്ചു. തുടർന്ന് പുതുക്കാട് പൊലീസ് സ്ഥലത്തെത്തി ഒരു ജീവനക്കാരെ കസ്റ്റഡിയിലെടുത്തു.
പരിക്കേറ്റ മെബിന്‍ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. വാഹനയാത്രക്കാര്‍ക്ക് നേരെ ടോള്‍ പ്ലാസ ജീവനക്കാരുടെ കൈയ്യേറ്റം പതിവാണെന്നും തൃശ്ശൂർ ജില്ലാ ഭരണകൂടം പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും, കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെട്ടു.