ലക്നൗ: 24 കോടിയിലധികം ജനങ്ങളുള്ള ഉത്തര്‍പ്രദേശില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത് 6000 പേര്‍ മാത്രമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലക്നൗവില്‍ 'യുപി ജനസംവദ്' വെര്‍ച്വല്‍ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കൊവിഡ്-19 കേസുകളുടെയും മരണങ്ങളുടെയും എണ്ണം നോക്കുമ്പോൾ, തൃപ്തികരമായ സാഹചര്യത്തിലാണ് ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ ജീവിക്കുന്നത്. ഏകദേശം 24 കോടി ജനസംഖ്യയുള്ള സംസ്ഥാനത്ത് 6000 പേര്‍ മാത്രമാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്' അദ്ദേഹം പറഞ്ഞു. 'ഭക്ഷ്യവസ്തുക്കള്‍ വാതിൽപ്പടി വഴി വിതരണം ചെയ്തു. കുടിയേറ്റ തൊഴിലാളികൾ സുരക്ഷിതമായി അവരവരുടെ വീടുകളിൽ എത്തിയെന്ന് ഉറപ്പാക്കി. കൊവിഡ് വ്യാപനം തടയാന്‍ നിരന്തരമായ ബോധവത്ക്കരണം നല്‍കി ജനങ്ങളെ കൂടുതല്‍ ബോധവാന്മാരാക്കി' യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.
ആഗോളതലത്തിൽ യോഗയ്ക്ക് അംഗീകാരം ലഭിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നന്ദി പറഞ്ഞു. വെർച്വൽ റാലിയിൽ ബിജെപി അധ്യക്ഷൻ ജെ.പി നദ്ദ ഡല്‍ഹിയില്‍ നിന്നും പങ്കെടുത്തു.
ആറാമത് അന്താരാഷ്ട്ര യോഗ ദിനം 'വീട്ടിൽ യോഗ, കുടുംബത്തോടൊപ്പം യോഗ' എന്ന സന്ദേശത്തോടെയാണ് ആചരിക്കപ്പെട്ടത്. 2014 സെപ്റ്റംബർ 2 ന് ഐക്യരാഷ്ട്ര പൊതുസഭയിൽ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി മോദി അന്താരാഷ്ട്ര യോഗ ദിനമെന്ന ആശയം മുന്നോട്ടുവെച്ചത്.