വിലക്ക് ലംഘിച്ച് ഇറാനില്‍ നിന്നും ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതിനെതിരെ ലോകരാജ്യങ്ങള്‍ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്. ചൈനക്കൊപ്പം ഇന്ത്യയും ഇറാനില്‍ നിന്നും ക്രൂഡ് ഓയില്‍ വാങ്ങാന്‍ പദ്ധതിയിടുന്നെന്ന സൂചനകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് അമേരിക്കയുടെ നീക്കം. ഇറാന്‍റെ ക്രൂഡ് ഓയില്‍ കയറ്റുമതി പൂജ്യത്തിലെത്തിക്കുന്നതിനായി ഒരു രാജ്യത്തേയും ഇറാനില്‍ നിന്ന് എണ്ണ വാങ്ങാന്‍ അനുവദിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു.
ഇന്ത്യ അടക്കമുള്ള എട്ട് രാജ്യങ്ങള്‍ക്ക് യുഎസ് അനുവദിച്ച ഇളവ് തീര്‍ന്ന പശ്ചാത്തലത്തിലാണ് പൂര്‍ണ ഉപരോധ നടപടികള്‍ ആരംഭിച്ചത്. ആറ് മാസം കൂടി ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാനുള്ള കരാര്‍ മെയ് രണ്ടിന് അവസാനിച്ചതോടെ എണ്ണ വാങ്ങുന്നത് ഇന്ത്യ പൂര്‍ണമായും നിര്‍ത്തിയിരുന്നതായി യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ ഹര്‍ഷ് വര്‍ധന്‍ ഷിംഗ്ല അറിയിച്ചു. ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്തിരുന്ന മുപ്പത് രാജ്യങ്ങളേയും വിലക്കിയതിനാല്‍ ഇറാന്‍റെ എണ്ണ കയറ്റുമതി പൂജ്യത്തിലെത്തിയെന്ന് അമേരിക്ക അവകാശപ്പെട്ടു. തീരുമാനം നടക്കില്ലെന്നും എണ്ണ ഇതര വരുമാനം വര്‍ധിപ്പിക്കുമെന്നും ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റുഹാനി പറഞ്ഞു. ഉപയോഗത്തിന്‍റെ 80 ശതമാനത്തിലേറെ ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യ ആവശ്യമായ എണ്ണയുടെ 10 ശതമാനവും ഇറാനില്‍ നിന്നായിരുന്നു ഇറക്കുമതി ചെയ്തുകൊണ്ടിരുന്നത്. ടെഹ്റാന്‍ ആണവ പദ്ധതിയില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാനുള്ള ഇറാന്‍റെ തീരുമാനത്തിന് പിന്നാലെയാണ് ഉപരോധം ഏര്‍പ്പെടുത്തിയത്.