ഭുവനേശ്വർ: ഒഡിഷയിൽ 251 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ എൻഡിആർഎഫ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. ഇതുവരെ സംസ്ഥാനത്ത് 7316 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. ഗഞ്ചം ജില്ലയിൽ 52 കാരനായ കൊവിഡ് -19 രോഗി മരിച്ചിരുന്നു. പക്ഷേ ഇയാൾ ശ്വാസകോശ അർബുദം മൂലമാണ് മരിച്ചതെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഇതിന് പുറമേ കൊറോണ വൈറസ് ബാധിച്ച മറ്റ് ഏഴ് രോഗികളും നേരത്തെ മരണമടഞ്ഞിരുന്നു. ഇവരുടെ മരണത്തിന് കാരണം കൊവിഡ് അല്ലെന്നും അധികൃതർ അറിയിച്ചു. ഇതുവരെ 25 കൊവിഡ് മരങ്ങളാണ് ഒഡിഷയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഗഞ്ചം ജില്ലയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ ഉണ്ടായത്. ഇവിടെ 14 പേർ മരിച്ചു.
വിവിധ സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവരെ പ്രാഥമിക നിരീക്ഷണത്തിനും പരിചരണത്തിനുമായി പാർപ്പിച്ചിരിക്കുന്ന ക്വാറന്‍റൈന്‍ കേന്ദ്രങ്ങളിൽ നിന്ന് 208 പുതിയ കൊവിഡ്-19 കേസുകൾ കണ്ടെത്തി. ഇവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. ഗഞ്ചം ജില്ലയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 102 എണ്ണം. കട്ടക്കിൽ 32, ഖുർദയിൽ 26, നയഗഡിൽ 14, പുരി, ബാർഗഡ് എന്നിവിടങ്ങളിൽ 12 വീതവും മൽക്കംഗിരിയിൽ 10 കേസുകളും റിപ്പോർട്ട് ചെയ്തു. കൊവിഡ് സ്ഥിരീകരിച്ച എൻഡിആർഎഫ് ഉദ്യോഗസ്ഥരുടെ എണ്ണം 294 ആണ്. ബിഎസ്‌എഫിൽ 53 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 2094 പേരാണ് ഇപ്പോൾ സംസ്ഥാനത്ത് ചികിത്സയിൽ ഉള്ളത്. 5189 പേർ ഇതുവരെ രോഗവിമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 5247 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ 270678 സാമ്പിളുകളാണ് പരിശോധിച്ചത്.