ഭുവനേശ്വർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ സസ്പെൻഷനിലായിരുന്ന പൊലീസ് ഇൻസ്‌പെക്ടറെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. സുന്ദർഗാർഹിലെ ബിർമിത്രപൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ആനന്ദ് ചന്ദ്ര മജ്‌ഹിയെയാണ് പിരിച്ചുവിട്ടതെന്ന് ഡിജിപി അഭയ് അറിയിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കൽ, ഗർഭച്ഛിദ്രം നടത്തൽ എന്നിവയാണ് ഇയാൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ.
ഇൻസ്‌പെക്ടർ ആനന്ദ് ചന്ദ്രയുടെ പ്രവൃത്തി നാണക്കേട് ഉളവാക്കുന്നതാണെന്നും, പെൺകുട്ടിയോടും കുടുംബത്തോടും മാപ്പ് ചോദിക്കുന്നതായും ഡിജിപി അഭയ് ട്വീറ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ബിർമിത്രാപൂരിലെ ഇൻസ്പെക്ടർ ഇൻ ചാർജായിരുന്ന മജ്ഹിയെ സസ്‌പെന്‍ഡ് ചെയ്യുകയും ജൂൺ 26 ന് ക്രൈംബ്രാഞ്ചിലെ നാലംഗ സംഘം സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയുമായിരുന്നു. ഡിജിപിയുടെ ഉത്തരവിനെ തുടര്‍ന്ന് സംഘം അന്വേഷണത്തിനായി ജൂൺ 30ന് ബിർമിത്രാപൂർ, റൈഭോഗ പൊലീസ് സ്റ്റേഷനുകള്‍ സന്ദർശിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തകരുടെ ഒരു സംഘം ആനന്ദിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചിരുന്നു. ബിജെപിയുടെ സമ്മർദത്തെത്തുടർന്നാണ് ആനന്ദ് മജ്ഹിയെ ജോലിയില്‍ നിന്ന് പുറത്താക്കിയതെന്നും ഇരയുടെ നീതിയിലേക്കുള്ള ഒരു ചെറിയ ചുവടുവെപ്പ് മാത്രമാണിതെന്നും നേരത്തെ ഞങ്ങൾ ഡിജിപിയെ സന്ദർശിക്കുകയും പ്രതികളെയും കൂട്ടാളിയെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്നും ബിജെപി നേതാവ് ലേഖാശ്രീ സമൻസിംഗർ പറഞ്ഞു.