ആലപ്പുഴ: 67-ാമത് നെഹ്‌റു ട്രോഫി ജലമേളയുടെ ഈ വർഷത്തെ ബജറ്റിന് കലക്ടറേറ്റിൽ കൂടിയ എൻടിബിആർ സൊസൈറ്റിയുടെ നിർവാഹക സമിതിയോഗം അംഗീകാരം നൽകി. 3,07,85,500 രൂപ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റിനാണ് അംഗീകാരം നൽകിയത്. സംസ്ഥാന സർക്കാരിന്റെ ടൂറിസം ഗ്രാന്റായി ഒരു കോടി രൂപയും കേന്ദ്ര ടൂറിസം ഗ്രാന്റായി 25 ലക്ഷം രൂപയും പ്രതീക്ഷിക്കുന്നു.
ടിക്കറ്റ് വിൽപ്പനയിൽ നിന്ന് 75,00000 രൂപയാണ് പ്രതീക്ഷിക്കുന്നത്. വിക്ടറിലൈൻ, റോസ് കോർണർ എന്നിവയുടെ ടിക്കറ്റ് നിരക്കിൽ നേരിയ വർധനവ് വരുത്താനും യോഗം തീരുമാനിച്ചു. റോസ് കോർണറിന് 200 രൂപയുടെയും വിക്ടറിലെയ്‌നിന് 100 രൂപയായും വർധനവാണ് വരുത്തിയത്. എൻടിബിആർ സൊസൈറ്റിയുടെ പുതിയ ചെയർമാനായി ചാർജെടുത്ത ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ളയെ മുൻ എംഎൽഎ സികെ സാദാശിവൻ ഉപഹാരം നൽകി സ്വീകരിച്ചു. സബ് കലക്ടർ കൃഷ്ണതേജ, ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ ഹരൺ ബാബു തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.