ഇസ്ലാമാബാദ്: കുൽഭൂഷണ്‍ ജദവിന് വേണ്ടി ഇന്ത്യയിൽ നിന്നുള്ള അഭിഭാഷകനെ അനുവദിക്കുന്നത് നിയമപരമായി സാധ്യമല്ലെന്ന് പാകിസ്ഥാൻ. സെപ്റ്റംബർ മൂന്നിന് കേസ് ഇസ്ലാമാബാദ് ഹൈക്കോടതിയിൽ പരിഗണിക്കും. ജാദവിന്‍റെ കേസ് വാദിക്കാൻ പ്രാദേശിക അഭിഭാഷകനെ നിയമിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ പാകിസ്ഥാൻ നിരസിച്ചതായി വിദേശകാര്യ വക്താവ് സാഹിദ് ഹഫീസ് ചൗധരി പറഞ്ഞു.
ജാദവിനെ പ്രതിനിധീകരിക്കാൻ ഇന്ത്യൻ അഭിഭാഷകനെ അനുവദിക്കണമെന്ന ആവശ്യവും ഇന്ത്യൻ പക്ഷം ഉന്നയിക്കുന്നുണ്ട്. അതേസമയം പാകിസ്ഥാനിൽ നിയമം വാദിക്കാൻ കഴിവുള്ള പാക് ലൈസൻസുള്ള അഭിഭാഷകന് മാത്രമേ കോടതിയിൽ ജാദവിനെ പ്രതിനിധീകരിക്കാൻ കഴിയൂ എന്ന് പാകിസ്ഥാൻ ആവർത്തിച്ചു. വിദേശ അഭിഭാഷകർക്ക് രാജ്യത്തിനകത്ത് നിയമം നടപ്പാക്കാൻ കഴിയില്ലെന്ന് ഇന്ത്യൻ സുപ്രീംകോടതി മുൻപ് മറ്റൊരു കേസിൽ വിധിച്ചിട്ടുണ്ട് എന്നും വക്താവ് പറഞ്ഞു.
ചാരവൃത്തിയും ഭീകരവാദവും ആരോപിച്ച് 50കാരനായ റിട്ടയേർഡ് ഇന്ത്യൻ നേവി ഉദ്യോഗസ്ഥൻ കുൽഭൂഷണ്‍ ജാദവിന് പാകിസ്ഥാൻ സൈനിക കോടതി 2017 ഏപ്രിലിൽ വധശിക്ഷ വിധിച്ചിരുന്നു. തുടർന്ന് വധശിക്ഷയെ ചോദ്യം ചെയ്ത് ഇന്ത്യ പാകിസ്ഥാനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ (ഐ.സി.ജെ) സമീപിച്ചു. അതേസമയം മാനുഷികമായ കാരണത്താൽ ജാദവിനെ കാണാൻ കുടുംബത്തിന് പാകിസ്ഥാൻ സൗകര്യമൊരുക്കുകയും ചെയ്തിരുന്നു. 2016 മാർച്ച് മൂന്നിനാണ് ബലൂചിസ്ഥാൻ പ്രവിശ്യയിൽ നിന്ന് ജാദവിനെ സുരക്ഷാ സേന അറസ്റ്റ് ചെയ്തത്.