കൽപ്പറ്റ: വയനാട് ജില്ലയിൽ ആവശ്യത്തിന് സർവേ യന്ത്രങ്ങൾ ഇല്ലാത്തതിനാല്‍ ഭൂസർവേ വൈകുന്നു. ക്വാറികളുമായി ബന്ധപ്പെട്ട സർവേകളാണ് സമയബന്ധിതമായി നടക്കാത്തത്. ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി നൽകുന്നതിന് വേണ്ടിയുള്ള സർവേയും ക്വാറികളുമായി ബന്ധപ്പെട്ട സർവേകളുമാണ് വയനാട്ടിൽ പൂർത്തിയാക്കാനുള്ളത്.
ഈ മാസം മുപ്പതിനകം ആദിവാസികൾക്ക് ഭൂമി നൽകാനുള്ള നടപടിക്രമം പൂർത്തിയാക്കണമെന്നായിരുന്നു സംസ്ഥാന സർക്കാരിന്‍റെ ഉത്തരവ്. എന്നാൽ ആവശ്യത്തിന് സർവേ യന്ത്രങ്ങൾ ഇല്ലാത്തത് കാരണം സർവേ വൈകിയാണ് തുടങ്ങിയത്. സംയുക്ത സർവേ ഒരു മാസത്തിനകം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ജില്ലാഭരണകൂടത്തിന്‍റെ പ്രത്യേക അപേക്ഷയെ തുടർന്ന് കഴിഞ്ഞ ആഴ്ച സർവേ ഡയറക്ടർ ഏഴ് യന്ത്രങ്ങൾ അയച്ചിരുന്നു. ആദിവാസികൾക്ക് ഭൂമി നൽകാനുള്ള സർവേ കഴിഞ്ഞതിന് ശേഷമേ ജില്ലയിലെ മറ്റു സർവേകൾ നടക്കാൻ ഇടയുള്ളൂ. എന്നാൽ മഴ കനക്കുകയാണെങ്കിൽ എല്ലാ സർവേകളും വൈകാനാണ് സാധ്യത.