ലഖ്‌നൗ: ഉത്തർപ്രദേശിലെ ഒരു കൊവിഡ് ആശുപത്രിയിലും ഓക്സിജന്‍റെ കുറവില്ലെന്നും കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പുമാണ് പ്രശ്നമെന്നും ഐഐടി കാൺപൂർ, ഐഐഎം ലഖ്‌നൗ, ഐഐടി വാരണാസി എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ച് ഓക്സിജൻ ഓഡിറ്റ് നടത്തുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഓക്‌സിജന്‍റെ ആവശ്യം, വിതരണം എന്നിവ തത്സമയം ട്രാക്ക് ചെയ്യുന്നതിനുള്ള സംവിധാനം നടപ്പിലാക്കുമെന്നും യോഗി ആദിത്യനാഥ് അറിയിച്ചു.
കൊവിഡിനെതിരെയുള്ള ജാഗ്രത കൈവിടരുതെന്നും സാധാരണ വൈറൽ പനിയായി കണക്കാക്കുന്നത് വലിയ അപകടം സൃഷ്ടിക്കുമെന്നും വിവിധ പത്രങ്ങളുടെ എഡിറ്റർമാരുമായുള്ള ആശയവിനിമയത്തിനിടെ യോഗി ആദിത്യനാഥ് പറഞ്ഞു.
രോഗം ബാധിച്ച എല്ലാവർക്കും ഓക്സിജന്‍റെ ആവശ്യമില്ലെന്നും ആവശ്യമുള്ളവർ മാത്രം ഉപയോഗിച്ചാൽ ഓക്സിജന്‍റെ അഭാവം ഉണ്ടാവില്ലെന്ന് പറഞ്ഞ യോഗി സംസ്ഥാനത്ത് ആശുപത്രി കിടക്കകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിലുണ്ടായ പ്രാരംഭ പ്രശ്നങ്ങളെ പെട്ടെന്ന് മറികടക്കാനായി എന്നും കൊവിഡിന്‍റെ രണ്ടാം തരംഗത്തിലെ രോഗം ബാധിക്കുന്നവരുടെ എണ്ണം കഴിഞ്ഞ തവണത്തേക്കാൾ 30 മടങ്ങ് കൂടുതലാണെന്നും കൂട്ടിച്ചേർത്തു.
സർക്കാർ സ്ഥാപനങ്ങളിൽ ഓക്സിജൻ പ്ലാന്‍റുകൾ സ്ഥാപിക്കുന്നതിനുള്ള ക്രമീകരണങ്ങൾ സർക്കാർ നടത്തിയിട്ടുണ്ടെന്നും ഡിആർഡിഒയുടെ പുതിയ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി 18 പ്ലാന്‍റുകൾ ഉൾപ്പെടെ 31 പുതിയ ഓക്സിജൻ പ്ലാന്‍റുകൾ സ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശിൽ റെംഡിസിവിർ പോലുള്ള മരുന്നിന് കുറവില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ആവശ്യം വർധിച്ചപ്പോൾ അഹമ്മദാബാദിലെ മരുന്ന് കമ്പനിയിൽ നിന്ന് നേരിട്ട് മരുന്ന് വാങ്ങിയെന്നും അറിയിച്ചു.
എല്ലാവർക്കും സൗജന്യ വാക്സിനേഷൻ നൽകുന്ന ആദ്യത്തെ സംസ്ഥാനമാണ് ഉത്തർപ്രദേശെന്നും മെയ് ഒന്ന് മുതൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും കൊവിഡ് വാക്സിൻ നൽകാനായി 8,000ത്തോളം കേന്ദ്രങ്ങൾ ആരംഭിച്ചതായും ആദിത്യനാഥ് പറഞ്ഞു.