തിരുവനന്തപുരം: നിയമസഭയിൽ സീനിയോറിറ്റി ഓർമ്മപ്പെടുത്തി പി ജെ ജോസഫ്. ബജറ്റ് സമ്മേളനത്തിൽ കെ എം മാണിയെ അനുസ്മരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എം.മാണി ക്ഷണിച്ചതുകൊണ്ടാണ് ഇടതു മന്ത്രി സ്ഥാനം ഉപേക്ഷിച്ച് മാണിക്കൊപ്പം ചേർന്നത്. പാർട്ടിയുമായി ലയിക്കുന്നതിന് ചെയർമാൻ സ്ഥാനമെന്ന പിജെ ജോസഫിന്റെ ആവശ്യത്തിന് സീനിയർ താൻ ആയതിനാൽ വർക്കിംഗ് ചെയർമാൻ സ്ഥാനം നൽകാമെന്ന് മാണി സമ്മതിക്കുകയായിരുന്നുവെന്നും പിജെ ജോസഫ് കൂട്ടിചേർത്തു. ചെയർമാൻ, പാർലമെൻററി പാർട്ടി ലീഡർ തുടങ്ങിയ സ്ഥാനങ്ങളെ ചൊല്ലി കേരള കോൺഗ്രസിൽ പി.ജെ.ജോസഫ്, ജോസ്.കെ മാണി വിഭാഗങ്ങൾ തമ്മിൽ പരസ്യ പോരിലേക്ക് നീങ്ങവേയാണ് ജോസഫിന്റെ പ്രതികരണം.
അതെ സമയം, ജൂൺ ഒൻപതിന് മുമ്പായി പാർലമെൻററി പാർട്ടി നേതാവിനെ തീരുമാനിച്ച് അറിയിക്കണമെന്ന് സ്പീക്കർ കേരള കോൺഗ്രസിന് കത്തു നൽകി. പാർട്ടി ചെയർമാനെ തെരഞ്ഞെടുത്തതിനു ശേഷം നിയമസഭാകക്ഷി നേതാവിനെ തീരുമാനിക്കാം എന്ന് ജോസ്.കെ.മാണി അറിയിച്ചു.