പട്‌ന: വരാനിരിക്കുന്ന ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും വെര്‍ച്വല്‍ റാലികളും മീറ്റിങും നടത്തുകയാണ് രാഷ്ട്രീയപാര്‍ട്ടികള്‍. ഇതിന്‍റെ ഭാഗമായി ഓഗസ്റ്റ് 7 ന് ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ (യുണൈറ്റഡ്) പ്രസിഡന്‍റുമായ നിതീഷ് കുമാർ തന്‍റെ ആദ്യത്തെ രാഷ്ട്രീയ വെർച്വൽ റാലിയെ അഭിസംബോധന ചെയ്യും. നിതീഷിന്‍റെ റാലി വിജയകരമാക്കാൻ ഓഗസ്റ്റ് 7 ന് മുമ്പ് പാർട്ടിയുടെ നേതൃത്വത്തില്‍ നിരവധി വെർച്വൽ റാലികൾ നടത്തും. മുഖ്യമന്ത്രിയുടെ റാലിയിൽ പങ്കെടുക്കാൻ ഈ ചെറു വെര്‍ച്വല്‍ റാലികളിലൂടെ പ്രവര്‍ത്തകര്‍ ജനങ്ങളോട് അഭ്യർത്ഥിക്കും.
ദേശീയ സംഘടന ജനറൽ സെക്രട്ടറി രാംചന്ദ്ര പ്രസാദ് സിങ് ജൂലൈ 7 ന് പാർട്ടിയുടെ വിദ്യാർഥി വിഭാഗവുമായി കൂടിക്കാഴ്ച നടത്തുമെന്ന് ജെഡിയു നേതാവ് പറഞ്ഞു. ജൂലൈ 8 ന് ഒബിസി സെല്ലും ജൂലൈ 9 ന് വനിതാ സെല്ലും ജൂലൈ 10 ന് മഹാദളിത് സെല്ലും ജൂലൈ 11 ന് പാർട്ടി യുവജന വിഭാഗവും ജൂലൈ 12 ന് ബിസിനസ് സെല്ലും ജൂലൈ 13 ന് കർഷകരുടെ സെല്ലും വെർച്വൽ മീറ്റിങുകള്‍ നടത്തും. മറ്റ് സെല്ലുകളുമായി ജൂലൈ 14, 15 തിയ്യതികളിലും യോഗങ്ങള്‍ നടക്കും.
ജൂലൈ 16 ന് പാർട്ടിയുടെ എല്ലാ പ്രാദേശിക മേധാവികളും ജില്ലാ പ്രസിഡന്‍റുമാരും ജില്ലാ സംഘടനകളുടെ ചുമതലയുള്ളവരും സെല്ലുകളുടെ സംസ്ഥാന പ്രസിഡന്‍റുമാരും ചേര്‍ന്ന് ദേശീയ സംഘടന ജനറൽ സെക്രട്ടറി രാംചന്ദ്ര പ്രസാദ് സിംഗുമായി വെർച്വൽ മീറ്റിങ് നടത്തും. കൂടാതെ ജെഡി (യു) നിയമസഭ വെർച്വൽ കോൺഫറൻസ് ജൂലൈ 18 മുതൽ 31 വരെ നടക്കും. ഇതിനായി ടീമുകൾ രൂപീകരിച്ചു. ആറ് നിയമസഭാ മണ്ഡലങ്ങളിലെ ജനങ്ങളെ ദിനംപ്രതി അഭിസംബോധന ചെയ്യാനുള്ള ഉത്തരവാദിത്തം ഓരോ ടീമിനെയും ഏൽപ്പിച്ചിരിക്കുകയാണ്.