ന്യൂഡല്‍ഹി: നീതി ആയോഗിന്‍റെ പ്രവർത്തനങ്ങൾ അപര്യാപ്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്ലാനിങ് കമ്മിഷന് പകരമാകാൻ നീതി ആയോഗിന് കഴിഞ്ഞില്ല. കേന്ദ്രസർക്കാർ വിളിച്ചു ചേർത്ത നീതി ആയോഗ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്ലാനിങ് കമ്മിഷനില്‍ നിന്ന് നീതി ആയോഗിലേക്ക് മാറിയപ്പോൾ കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് പഞ്ചവത്സര പദ്ധതികളില്‍ നേരത്തെ ലഭിച്ചിരുന്ന സാമ്പത്തിക സ്രോതസ് നഷ്ടമായി. സംസ്ഥാന സർക്കാരുകൾ കൂടുതല്‍ വിഹിതം വഹിക്കേണ്ടി വരുന്നത് ധനകാര്യ ശേഷിയില്‍ കുറവു വരുത്തുമെന്നും പിണറായി പറഞ്ഞു.
പ്രളയത്തിന് ശേഷം സാമ്പത്തിക നിയന്ത്രണം മൂലം കേരളത്തിന് ഏറെ ബുദ്ധിമുട്ട് സഹിക്കേണ്ടി വന്നു. കേരളത്തിന് 31000 കോടിയുടെ നഷ്ടം സഹിക്കേണ്ടി വന്നതായും മുഖ്യമന്ത്രി നീതി ആയോഗ് യോഗത്തില്‍ പറഞ്ഞു. ഇന്നലെ രാഷ്ട്രപതി ഭവനില്‍ ചേർന്ന യോഗത്തില്‍ പശ്ചിമബംഗാൾ, തെലങ്കാന, പഞ്ചാബ് എന്നി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ പങ്കെടുത്തില്ല.