ലണ്ടന്‍: ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ നീരവ് മോദി വീണ്ടും ബ്രിട്ടീഷ് കോടതിയെ സമീപിച്ചു. ഇന്ത്യയിലേക്ക് തിരിച്ചയക്കാനുള്ള ഉത്തരവ് ചോദ്യം ചെയ്താണ് നീരവ് യു.കെ ഹൈക്കോടതിയെ സമീപിച്ചത്. ഏപ്രിൽ 15നാണ് കീഴ്കോടതിയുടെ വിധി ആഭ്യന്തര സെക്രട്ടറി അംഗീകരിച്ച് നീരവിന്‍റെ നാടുകടത്തലിന് ഒരുക്കങ്ങൾ തുടങ്ങിയത്. അപ്പീൽ നൽകിയെങ്കിലും ഇക്കാര്യത്തിൽ തീരുമാനമെടുക്കാനായി ഹൈക്കോടതി ജഡ്ജിയെ ഇനിയും ചുമതലപ്പെടുത്തിയിട്ടില്ല.
Also Read: രണ്ടാം തവണയും ലണ്ടന്റെ മേയറായി സാദിഖ് ഖാൻ
നിലവിൽ ലണ്ടനിലെ ജയിലിൽ കഴിയുകയാണ് നീരവ് മോദി. നേരത്തെയും ഇന്ത്യയിലേക്ക് കടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നീരവ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം കോടതി തള്ളുകയായിരുന്നു. 2019ൽ ലണ്ടനിൽ അറസ്റ്റിലായ നീരവിനെ ഇക്കഴിഞ്ഞ ഫെബ്രുവരി 25നാണ് ഇന്ത്യയിലേക്ക് തിരിച്ചയക്കാൻ വെസ്റ്റ് മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. അതേസമയം നീരവ് മോദിക്ക് അപ്പീല്‍ നല്‍കാന്‍ അവകാശമുണ്ടെന്നും സിപിഎസ് വക്താവ് അറിയിച്ചിരുന്നു.
Also Read: കൊവിഡ് വ്യാപനം; ഇന്ത്യയ്‌ക്ക് സഹായവുമായി ദക്ഷിണ കൊറിയ
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 14,000 കോടി രൂപയിലേറെ വായ്പ തട്ടിപ്പ് നടത്തിയ ശേഷം ലണ്ടനിലേക്ക് കടന്ന നീരവിനെതിരെ ഇന്ത്യയിൽ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള കേസുകൾ ഉണ്ട്. സി.ബി.ഐയും എൻഫോഴ്സ്മെന്‍റും നീരവിനെതിരെ കേസെടുത്തിട്ടുണ്ട്. നീരവ് മോദി ഇന്ത്യൻ കോടതികൾക്ക് മുമ്പാകെ ഹാജരാകേണ്ടതുണ്ടെന്നും, യുകെ നിയമപ്രകാരം കൈമാറുന്നതിനുള്ള നടപടികള്‍ തന്‍റെ കേസിൽ ബാധകമല്ലെന്നും ജില്ല ജഡ്ജി സാം ഗൂസി ഫെബ്രുവരിയിൽ നൽകിയ വിധിന്യായത്തിൽ പറഞ്ഞിരുന്നു.
അതേസമയം പിഎന്‍ബി നല്‍കിയ തെളിവുകള്‍ പ്രകാരം നീരവ് മോദി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതായും കോടതി പറഞ്ഞു. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും വായ്പ തട്ടിപ്പ് നടത്തിയത് കൂടാതെ, തെളിവുകള്‍ നശിപ്പിക്കുകയും, സാക്ഷികളെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലും നീരവ് മോദി പ്രതിയാണ്.