കോഴിക്കോട്: നിപ വൈറസ് സാന്നിധ്യം സംശയിക്കുന്ന സാഹചര്യത്തിൽ എറണാകുളത്ത് സേവനമനുഷ്ഠിക്കാൻ തയ്യാറാണെന്ന് കഴിഞ്ഞ വർഷം നിപ കാലത്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ സേവനമനുഷ്ഠിച്ച തൊഴിലാളികൾ. സർക്കാർ വാഗ്ദാനം ചെയ്ത സ്ഥിരം ജോലി നിയമനം ലഭിക്കാത്തതിനെത്തുടർന്ന് 41 തൊഴിലാളികൾ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിൽ നിരാഹാര സമരത്തിലാണ്. എന്നാൽ സർക്കാർ ആവശ്യപ്പെടുകയാണെങ്കിൽ നിപയെ തുരത്തുന്നതിനായി ഇനിയും മുന്നിൽ നിന്ന് പ്രവർത്തിക്കാൻ തങ്ങൾ തയ്യാറാണെന്നാണ് ഇവര്‍ പറയുന്നു. തങ്ങളുടെ ആവശ്യം സർക്കാരിനെ അറിയിക്കുന്നതോടൊപ്പം സമൂഹനന്മയ്ക്കായി ഇനിയും ജോലി ചെയ്യാൻ മടിയില്ലെന്ന നിലപാടിലാണ് തൊഴിലാളികളെന്ന് സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണ പറഞ്ഞു.
അതേസമയം നിപ വൈറസിനെ നേരിടുന്നതിനായി കോഴിക്കോട് സജ്ജമാണെന്നും ഇതുമായി ബന്ധപ്പെട്ട് മെഡിക്കൽ സൂപ്രണ്ടുമാരുടെ യോഗം നാളെ രാവിലെ നടക്കുമെന്നും ഡിഎംഒ ഡോ. വി ജയശ്രീ അറിയിച്ചു.