കൊച്ചി: വെല്ലുവിളികൾ നേരിടാൻ ആധുനിക സജ്ജീകരണങ്ങളുമായി ജില്ലയിലെ അഗ്നിശമന സേന. വേഗത്തില്‍ പടരുന്ന ഇന്ധനങ്ങൾ മൂലമുണ്ടാകുന്ന തീപിടിത്തങ്ങൾ നിയന്ത്രിക്കാന്‍ ഫോം ടെൻഡർ ഫയർ എൻജിൻ വാഹനവും ഇനി മുതല്‍ സേനക്കൊപ്പമുണ്ടാകും. പുതിയ അഗ്നിശമന സേനാ വാഹനത്തിന്‍റെ ഫ്ലാഗ് ഓഫ് ഗാന്ധിനഗറിലെ അഗ്നിശമന സേനാ കേന്ദ്രത്തില്‍ നടന്നു. നാവികസേന ഉപയോഗിക്കുന്ന അത്യാധുനിക വാഹനം ഇനി മുതല്‍ അഗ്നിശമന സേനയുടെ ഭാഗമായി ഓടിത്തുടങ്ങും.
4500 ലിറ്റര്‍ വെള്ളവും 700 ലിറ്റർ ഫോമും ഉൾക്കൊള്ളാൻ കഴിയുന്ന വാഹനത്തിന് തീപിടിത്തങ്ങൾ പെട്ടെന്ന് അണക്കാന്‍ സാധിക്കും. അക്വസ് കെമിക്കൽ കലർന്ന നേർത്ത പാളിയുള്ള പത പുറത്തേക്ക് ചീറ്റി, ഓക്സിജൻ സമ്പർക്കം ഒഴിവാക്കി തീ പെട്ടെന്ന് അണിയിക്കുന്ന സ്മോതറിംഗ് രീതിയാണ് വാഹനത്തിന്‍റെ പ്രത്യേകത. ഇന്ധനങ്ങൾക്ക് പുറമേ റബ്ബർ, പ്ലാസ്റ്റിക് എന്നിവയ്ക്ക് തീ പിടിച്ചാലും ഈ രീതി ഫലപ്രദമാണ്.
വാഹനത്തിനുള്ളിൽ ഇരുന്ന് തന്നെ മോണിറ്റർ ഉപയോഗിച്ച് വെള്ളവും ഫോമും പമ്പ് ചെയ്യാനുള്ള സൗകര്യം, വൈദ്യുത പ്രവാഹമുള്ള സ്ഥലങ്ങളിൽ ഷോക്ക് ഏൽക്കാതെ വാഹനങ്ങൾ പ്രവർത്തിക്കാൻ കഴിയുന്ന സൗകര്യം തുടങ്ങിയവയും ഇതിന്‍റെ പ്രത്യേകതയാണ്. 60 ലക്ഷം രൂപയാണ് വാഹനത്തിന് വില. സംസ്ഥാനത്തെ പത്ത് ഫയർ സ്റ്റേഷനുകളിലും ഇത്തരത്തിലുള്ള വാഹനങ്ങൾ ഇനി അഗ്നിശമന സേനക്ക് കരുത്തേകും.