എറണാകുളം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള എറണാകുളം ജില്ലയിലെ വോട്ടിംഗ് സാമഗ്രികളുടെ വിതരണം പൂർത്തിയാക്കി. രാവിലെ എട്ടുമണി മുതൽ 14 കേന്ദ്രങ്ങളിലായാണ് വോട്ടിംഗ് സാമഗ്രികൾ വിതരണം ചെയ്തത്. എറണാകുളം ജില്ലയിൽ 2251 പോളിംഗ് സ്റ്റേഷനുകളാണുള്ളത്.
തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ വിതരണ കേന്ദ്രങ്ങളിൽ ഹാജർ രേഖപ്പെടുത്തിയ ശേഷമാണ് പോളിംഗ് സ്റ്റേഷന് ആവശ്യമുള്ള സ്റ്റേഷനറി കിറ്റുകൾ കൈമാറിയത്. തുടർന്ന് ഇലക്ട്രോണിക് വോട്ടിങ് മെഷീൻ, വിവിപാറ്റ് മെഷീൻ എന്നിവ കൈമാറി. എത്രയും പെട്ടെന്ന് നിശ്ചയിക്കപ്പെട്ട ബൂത്തിലെത്തി തെരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ പൂർത്തിയാക്കണമെന്ന് ഉദ്യോഗസ്ഥർ അറിയിപ്പ് നൽകി. പോളിംഗ് സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥർ ഒരുമിച്ച് എത്തിയതിന് ശേഷം മാത്രമാണ് പോളിങ് സാമഗ്രികൾ വിതരണം ചെയ്തത്.