ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ശനിയാഴ്ച അഞ്ച് ലക്ഷം കവിഞ്ഞു. ഇന്ത്യയിലെ വര്‍ധിച്ച് വരുന്ന കൊവിഡ് ബാധിതരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ മരണനിരക്ക് കുറവാണെന്ന് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു.
18552 കൊവിഡ് കേസുകള്‍ വരെയാണ് രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയത്. കൊവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്നുണ്ടെങ്കിലും അമേരിക്കപോലുള്ള മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വര്‍ധനവ് ഉയര്‍ന്നതല്ലെന്നും രണ്‍ദീപ് ഗുലേറിയ പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ 80000 കൊവിഡ് കേസുകളുടെ വര്‍ധനവാണ് രാജ്യത്തുണ്ടായത്.
'കേസുകളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. നമുക്ക് രണ്ട് കാര്യങ്ങൾ നോക്കാം, ഒന്ന് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഈ വർധന അത്ര ഉയർന്നതല്ല. അമേരിക്കയില്‍ രണ്ട് ദിവസമായി പ്രതിദിനം 40000 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. മറ്റൊന്ന് കേസുകളുടെ എണ്ണം ഇപ്പോഴും പത്ത് ലക്ഷത്തില്‍ താഴെയാണ് എന്നതാണ്' ഗുലേറിയ പറഞ്ഞു.
ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ഥിരീകരിക്കുന്ന കേസുകളുടെ എണ്ണം കൂടുതലാണെങ്കിലും മരണനിരക്ക് കുറവാണെന്നും, മരണനിരക്ക് കുറക്കാന്‍ ഇനിയും നമുക്ക് സാധിച്ചാല്‍ അത് രാജ്യത്തിന്റെ വിജയമായിരിക്കുമെന്നും ഗുലേറിയ കൂട്ടിച്ചേര്‍ത്തു.
കൊവിഡില്‍ നിന്ന് രോഗവിമുക്തി നേടുന്നവരുടെ ശതമാനം രാജ്യത്ത് 58 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ് വർധൻ പറഞ്ഞു. 3 ലക്ഷത്തോളം രോഗികള്‍ ഇതുവരെ രാജ്യത്ത് കൊവിഡില്‍ നിന്നും മുക്തി നേടി. മരണനിരക്ക് മൂന്ന് ശതമാനമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഡൽഹിയിലെ കേസുകളുടെ വർധനവിനെക്കുറിച്ച് എയിംസ് ഡയറക്ടർ ഗുലേറിയ പറഞ്ഞത്, ഡൽഹിയിലെ ഹോട്ട് സ്പോട്ടുകളിലാണ് അധികവും സമ്പര്‍ക്കം മൂലവും അല്ലാതെയും കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത്. അതിനാല്‍ ജനങ്ങളുടെ ഭാഗത്തുനിന്ന് സഹകരണം ഉണ്ടായിരിക്കണം. പ്രാദേശിക നേതാക്കൾ ആളുകൾ വീട്ടിൽ താമസിക്കുന്നുവെന്നും ക്വാറന്റൈനില്‍ കഴിയുന്നുവെന്നും മാസ്കുകൾ ധരിക്കുന്നുവെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പൂനെ, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളില്‍ വലിയ തോതില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ എണ്ണം കുറഞ്ഞുവരികയാണ്, അതുപോലെ മുംബൈയിലും, ഡല്‍ഹിയിലും ഏതാനും ആഴ്ചകള്‍ കൂടി പിന്നിടുമ്പോള്‍ രോഗികളുടെ എണ്ണം കുറയുമെന്നും ഗുലേറിയ പറഞ്ഞു. അടുത്ത മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെമ്പാടും കൊവിഡ് രോഗികളുടെ എണ്ണം കുറയുമെന്നും രണ്‍ദീപ് ഗുലേറിയ കൂട്ടിച്ചേര്‍ത്തു. ജൂണ്‍ 1 വരെയുള്ള കണക്ക് പ്രകാരം രാജ്യത്ത് 3.18 ലക്ഷം കൊവിഡ് ബാധിതരാണുള്ളത്. എന്നാല്‍ ഇന്ന് അത് അഞ്ച് ലക്ഷം കടന്നു.